ചെന്നൈ : തമിഴ്നാട്ടിൽ എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലെ പ്രവേശനത്തിനായി അപേക്ഷനൽകിയത് 42,951 വിദ്യാർഥികൾ. സൂക്ഷ്മപരിശോധനയ്ക്കുശേഷം 19-ന് റാങ്ക്പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ വിഭാഗം അറിയിച്ചു.
അഖിലേന്ത്യാ ക്വാട്ട സീറ്റുകളിൽ 14-ന് പ്രവേശന കൗൺസലിങ് ആരംഭിക്കും. മറ്റുവിഭാഗത്തിൽ ഓഗസ്റ്റ് 21-മുതൽ തുടങ്ങും. സർക്കാർ സ്കൂൾ വിദ്യാർഥികൾക്കായുള്ള 7.5 ശതമാനം സംവരണസീറ്റുകളിലേക്കുള്ള കൗൺസലിങ് ഓഗസ്റ്റ് 22, 23 തീയതികളിലാണ്.
സർക്കാർ മെഡിക്കൽ കോളേജുകളുൾപ്പെടെ സംസ്ഥാനത്ത് 9050 എം.ബി.ബി.എസ്. സീറ്റുകളും 2200 ബി.ഡി.എസ്. സീറ്റുകളുമുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളിലെ 799 സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയ്ക്കും 4251 സീറ്റുകൾ സംസ്ഥാനത്തിനും മാറ്റിവെച്ചിട്ടുണ്ട്.
ഇതുകൂടാതെ 52 അഖിലേന്ത്യാ ക്വാട്ട സീറ്റുകളുൾപ്പെടെ 150 സീറ്റുകൾ ഇ.എസ്.ഐ. ആശുപത്രികളിൽ ലഭ്യമാണ്. ബി.ഡി.എസിന് 37 അഖിലേന്ത്യാ ക്വാട്ട, 233 സംസ്ഥാന ക്വാട്ട സീറ്റുകൾ ഉൾപ്പെടെ മൊത്തം 270 സീറ്റുകൾ സർക്കാർ കോളേജുകളിലുണ്ട്.
സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ സീറ്റുകളുടെയും സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകൾ എന്നിവയെക്കുറിച്ചുമുള്ള പൂർണവിവരങ്ങൾ കൗൺസലിങ്ങിനുമുൻപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കൗൺസലിങ്ങിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തമിഴ്നാട് മെഡിക്കൽ സെലക്ഷൻ കമ്മിറ്റിയുടെ https://tnmedicalselection.org എന്ന വെബ്സൈറ്റിലൂടെ പുറത്തുവിടും.