ചെന്നൈ : പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻശ്രമിച്ച റൗഡിയെ കാലിൽ വെടിവെച്ചുവീഴ്ത്തി പിടികൂടി വനിത എസ്.ഐ. മൂന്ന് കൊലപാതകക്കേസുകൾ ഉൾപ്പെടെ 14 കേസുകളിൽ പ്രതിയായ എസ്.രോഹിത് രാജിനെയാണ് (34) ടി.പി. ഛത്രം എസ്.ഐ. കലൈസെൽവി സാഹസികമായി പിടികൂടിയത്.
ഹെഡ് കോൺസ്റ്റബിൾമാരായ ശരവണകുമാറിനെയും പ്രദീപിനെയും ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു ഇവർക്ക് ഒപ്പമുണ്ടായിരുന്ന കലൈസെൽവി രോഹിതിന്റെ കാലിന് നേരേ വെടിവെച്ചത്.
ബി.എസ്.പി. സംസ്ഥാന അധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തെത്തുടർന്നാണ് ഒളിവിൽ കഴിയുന്ന റൗഡികളെ പിടികൂടാൻ പോലീസ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രോഹിത് രാജിനായും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
കിൽപ്പോക്കുള്ള പഴയ സെമിത്തേരിയിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കലൈസെൽവിയുടെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് തിരിക്കുകയായിരുന്നു.
പോലീസ് തന്നെ വളഞ്ഞുവെന്ന് തിരിച്ചറിഞ്ഞ രോഹിത് രാജ് കൈയിലുണ്ടായ ബിയർ കുപ്പി പൊട്ടിച്ച് അത് ഉപയോഗിച്ച് കോൺസ്റ്റബിൾമാരെ അക്രമിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
ഇതോടെ കലൈസെൽവി ഇയാൾക്ക് മുന്നറിയിപ്പ് നൽകുകയും വെടിവെയ്ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെടിയേറ്റ് വീണ രോഹിത്തിനെ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസരോചിതമായി ഇടപ്പെട്ടു പ്രതിയെ പിടികൂടിയതിന് കലൈസെൽവിയെ സിറ്റി പോലീസ് കമ്മിഷണൽ എ.അരുൺ അനുമോദിച്ചു.