ചെന്നൈ : നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശൻതുറയ്ക്കും ഇടയിലൂടെ കപ്പൽ സർവീസ് തുടങ്ങി.
വെള്ളിയാഴ്ച രാവിലെ പുതുച്ചേരി മന്ത്രി നമശിവായം, നാഗപട്ടണം ജില്ലാ കളക്ടർ ആകാശ്, സെൽവരാജ് എം.പി. എന്നിവർ പച്ചക്കൊടിവീശി.
44 യാത്രക്കാരുമായി പുറപ്പെട്ട കപ്പൽ ഉച്ചയ്ക്ക് രണ്ടിന് കാങ്കേശൻതുറയിലെത്തി.
ശനിയാഴ്ച രാവിലെ പത്തിന് കാങ്കേശൻതുറയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടിന് നാഗപട്ടണത്തെത്തും.
അന്തമാനിൽനിന്നുള്ള ‘ശിവഗംഗ’ എന്ന കപ്പലാണ് സർവീസ് നടത്തുന്നത്.
സാധാരണക്ലാസിൽ 123 സീറ്റും പ്രീമിയം ക്ലാസിൽ 27 സീറ്റും ഉൾപ്പെടെ 150 സീറ്റുകളുണ്ട്. വെള്ളം, ഭക്ഷണം, അത്യാവശ്യ മരുന്നുകൾ എന്നിവ നൽകും.
നാഗപട്ടണത്തുനിന്ന് കാങ്കേശൻതുറയിലേക്ക് 60 നോട്ടിക്കൽ മൈലാണ് ദൂരം. സാധാരണ ക്ലാസിൽ 5000 രൂപയും പ്രീമിയം ക്ലാസിൽ 7500 രൂപയുമാണ് ജി.എസ്.ടി. ഉൾപ്പെടെയുള്ള നിരക്ക്.
ഒരാൾക്ക് 60 കിലോ ലഗേജും അഞ്ചുകിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. ടിക്കറ്റുകൾക്ക് www.sailindsri.com എന്ന വെബ്സെറ്റ് ഉപയോഗപ്പെടുത്താം.
കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് കപ്പൽ സർവീസ് തുടങ്ങിയത്.
എന്നാൽ, ഏതാനും ദിവസങ്ങൾക്കുശേഷം നിർത്തിവെക്കുകയായിരുന്നു. ഇന്ത്യയിൽ വേരുകളുള്ള ശ്രീലങ്കൻ തമിഴരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് തമിഴ്നാട്ടിൽനിന്നുള്ള കപ്പൽ സർവീസ്.