ചെന്നൈ : 24 കോച്ചുള്ള വന്ദേ സ്ലീപ്പർ വണ്ടികളുടെ നിർമാണം ആരംഭിച്ചതായും ആദ്യ തീവണ്ടി 2026 ഓഗസ്റ്റിൽ പുറത്തിറങ്ങുമെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറൽ മാനേജർ സുബ്ബറാവു അറിയിച്ചു.
ഐ.സി.എഫ്. ആസ്ഥാനത്തുനടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 കോച്ചടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പർ വണ്ടികളുടെ നിർമാണം നടക്കുകയാണ്.
ഇതിൽ ആദ്യ തീവണ്ടി ഉടനെ പുറത്തിറക്കും. കഴിഞ്ഞ ജൂലായ്വരെ ചെയർകാർ കോച്ചുകളടങ്ങിയ 75 വന്ദേഭാരത് തീവണ്ടി ഐ.സി.എഫിൽ നിർമിച്ചു.
12 കോച്ചടങ്ങിയ വന്ദേമെട്രോ തീവണ്ടിയുടെ പരീക്ഷണയോട്ടം പൂർത്തിയാക്കി തീവണ്ടി വെസ്റ്റേൺ റെയിൽവേക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. 150 മുതൽ 200 കിലോമീറ്റർവരെയുള്ള സർവീസുകൾക്ക് വന്ദേമെട്രോ അനുയോജ്യമാണ്.
ആധുനിക സൗകര്യങ്ങളോടുകൂടിയ 22 സ്ലീപ്പർ കോച്ചടങ്ങിയ ആദ്യ അമൃത് ഭാരത് തീവണ്ടി കഴിഞ്ഞവർഷം ഒക്ടോബറിൽ പുറത്തിറങ്ങി.
യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലുമായി നടപ്പുസാമ്പത്തികവർഷം 3457 കോച്ച് നിർമിക്കാനാണ് ലക്ഷ്യമെന്നും സുബ്ബറാവു പറഞ്ഞു.