ചെന്നൈ: തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്‍ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ എസ്. പോര്‍ക്കൊടി പിടിയില്‍.
കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന പൊന്നൈ ബാലു അടക്കം 11 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സുരേഷിന്റെ സഹോദരനായ ബാലുവിന്റെ അക്കൗണ്ടിലേക്ക് പോര്‍ക്കൊടി ഒന്നരലക്ഷം രൂപ കൈമാറിയതായി പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പ്രതികാരമായി ആംസ്‌ട്രോങ്ങിനെ വധിക്കാനുള്ള പ്രതിഫലമാണ് പോര്‍ക്കൊടി തനിക്ക് നല്‍കി ഒന്നരലക്ഷം രൂപയെന്ന് ബാലു പോലീസിന് മൊഴി നല്‍കിയിരുന്നു. ഒളിവില്‍ പോയ പോര്‍ക്കൊടിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.
ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്‌ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പന്‍ സ്ട്രീറ്റില്‍ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു.