കൊല്‍ക്കത്ത: ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. സംഘം. കേസില്‍ അറസ്റ്റിലായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടിയാണ് സി.ബി.ഐ. സംഘം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഇയാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തുന്നതായുള്ള സംശയവും കാരണമാണ് സി.ബി.ഐ. നുണപരിശോധനയ്ക്ക് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബാംഗങ്ങളില്‍നിന്ന് സി.ബി.ഐ. കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ വീട്ടിലെത്തി നടത്തിയ മൊഴിയെടുക്കല്‍ ആറുമണിക്കൂറോളം നീണ്ടു. അറസ്റ്റിലായ സഞ്ജയ് റോയ് യഥാര്‍ഥ കുറ്റവാളി ആയിരിക്കില്ലെന്നായിരുന്നു ഡോക്ടറുടെ കുടുംബം സി.ബി.ഐ. സംഘത്തോട് പറഞ്ഞത്. ഇനി സഞ്ജയ് ഈ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുപലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. നേരത്തെ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്നും കുടുംബം ആരോപിച്ചിരുന്നു.
അതിനിടെ, കൊല്ലപ്പെടുന്നതിന് മുന്‍പ് ഡോക്ടറുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും സി.ബി.ഐ. ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടറുടെ സ്വകാര്യ ഡയറി, ഫോണ്‍വിളി വിവരങ്ങള്‍, ഫോണ്‍സന്ദേശങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാണ് സി.ബി.ഐ. സംഘം ‘സൈക്കോളജിക്കല്‍ ഓട്ടോപ്‌സി’ നടത്തുന്നത്. ഇതിനായി ഡോക്ടറുടെ കുടുംബം സ്വകാര്യ ഡയറി അടക്കമുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം സി.ബി.ഐ.ക്ക് കൈമാറി. അതേസമയം, നേരത്തെ പോലീസ് സംഘം ഡയറിയിലെ ചില പേജുകള്‍ കീറിയെടുത്തെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്.