ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞ മൂന്നുവർഷംകൊണ്ട് 9.7 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാനസർക്കാർ. ഇവയിലൂടെ 31 ലക്ഷം പേർക്കാണ് തൊഴിൽലഭിക്കുകയെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുന്ന 68,773 കോടിയുടെ സംരംഭങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞദിവസം സ്റ്റാലിൻ നിർവഹിച്ചിരുന്നു.
2021-ൽ ഡി.എം.കെ. അധികാരത്തിൽ എത്തിയതിനുശേഷം വിദേശനിക്ഷേപം ആകർഷിക്കാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ വിദേശയാത്രകളിലൂടെയും ജനുവരിയിൽ നടത്തിയ ആഗോള നിക്ഷേപകസംഗമത്തിലൂടെയുമാണ് ഇത്രയധികം നിക്ഷേപത്തിന് ധാരണയുണ്ടാക്കിയത്. പല സംരംഭങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിക്കുകയും ചെയ്തു.
‘‘വ്യവസായമേഖല വളരുന്നതനുസരിച്ച് സംസ്ഥാനം പുരോഗമിക്കും. ഇതിനനുസരിച്ച് ജോലിസാധ്യതയും വർധിക്കും. അതിനാൽ വ്യവസായ വളർച്ചയ്ക്കാണ് സർക്കാർ പ്രധാന്യം നൽകുന്നത്’’- മുഖ്യമന്ത്രി വ്യക്തമാക്കി. ധാരണാപത്രം ഒപ്പിടുന്നതിൽ അവസാനിപ്പിക്കാതെ തുടർ നടപടികളും സമയബന്ധിതമായി നടത്തുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
കൂടുതൽ വിദേശനിക്ഷേപം എന്നലക്ഷ്യത്തോടെ 27-ന് സ്റ്റാലിൻ വീണ്ടും യു.എസിലേക്ക് യാത്ര തിരിക്കാനിരിക്കുകയാണ്. തമിഴ്‌നാട് നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് സംരംഭകർക്കു മുന്നിൽ അവതരിപ്പിക്കാനും അവരുടെ വിശ്വാസം ആർജിക്കുന്നതിനുമാണ് ശ്രദ്ധ നൽകുന്നതെന്ന് വ്യവസായമന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.