ചെന്നൈ : നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ.) ചേരാൻ അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീർശെൽവത്തിന്റെ മകൻ ഒ.പി. രവീന്ദ്രനാഥ് ഒരുങ്ങുന്നു.
പാർട്ടിയിൽചേരാൻ രവീന്ദ്രനാഥ് താത്പര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, മറ്റ് പാർട്ടികളിൽനിന്ന് നേതാക്കന്മാരെ ചേർക്കുന്നതുസംബന്ധിച്ച് വിജയ് അന്തിമ തീരുമാനമെടുത്തിട്ടില്ല.
അണ്ണാ ഡി.എം.കെ.യിൽനിന്ന് പുറത്താക്കപ്പെട്ടതിനാൽ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തിൽ സജീവമല്ല. 2014-ൽ തേനി ലോക്സഭാ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.
അന്ന് എൻ.ഡി.എ. സഖ്യത്തിൽ തമിഴ്നാട്ടിൽനിന്ന് വിജയിച്ച ഏകസ്ഥാനാർഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുവേണ്ടി ഒഴിയുകയായിരുന്നു.
രവീന്ദ്രനാഥിനുപകരം പനീർശെൽവം രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പനീർശെൽവത്തിനും രവീന്ദ്രനാഥിനും നിലവിൽ ഒരു പാർട്ടിയിലും സ്ഥാനമില്ല. അണ്ണാ ഡി.എം.കെ.യിൽ ഐക്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പനീർശെൽവം പുതിയ സംഘടന ആരംഭിച്ചിട്ടുണ്ട്. രവീന്ദ്രനാഥ് ഇതിൽ സജീവമല്ല.
രവീന്ദ്രനാഥിനെ കൂടാതെ മുൻ അണ്ണാ ഡി.എം.കെ. നേതാവ് പഴ കറുപ്പയ്യ, പനീർപക്ഷം നേതാവ് പൻട്രുത്തി രാമചന്ദ്രൻ, രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന തമിഴരുവി മണിയൻ എന്നിവരും ടി.വി.കെ.യിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.