ചെന്നൈ : തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കാനായി യു.എസിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വൻസ്വീകരണം.
സാൻഫ്രാൻസിസ്‌കോയിലെത്തിയ സ്റ്റാലിനെ കോൺസുൽ ജനറൽ കെ. ശ്രീകർ റെഡ്ഡിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്വീകരിച്ചു.
മുൻ കേന്ദ്രമന്ത്രി നെപ്പോളിയൻ ഷാൾ അണിയിച്ച് വരവേറ്റു. യു.എസി.ലെ തമിഴർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളും സ്റ്റാലിന് സ്വീകരണംനൽകി.
സാൻഫ്രാൻസിസ്കോയിൽ നിക്ഷേപകരുമായി ചർച്ച നടത്തിയ സ്റ്റാലിൻ 31-ന് ഇവിടെയുള്ള തമിഴ് സമൂഹത്തെ അഭിസംബോധനചെയ്യും.
സെപ്റ്റംബർ രണ്ടിന് ഷിക്കാഗോയിൽ വ്യവസായസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി യോഗംചേരും.
തമിഴ്‌നാടിന്റെ അഭിവൃദ്ധിക്കായി യു.എസിന്റെ പിന്തുണതേടുന്നതായി എക്സിലെ കുറിപ്പിൽ സ്റ്റാലിൻ അറിയിച്ചു.
2030-ഓടെ സംസ്ഥാനത്തെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റാലിന്റെ യു.എസ്. സന്ദർശനം.
ഇത് രണ്ടാംതവണയാണ് തമിഴ്‌നാട്ടിലേക്ക് നിക്ഷേപമെത്തിക്കാൻ സ്റ്റാലിൻ യു.എസ്. സന്ദർശിക്കുന്നത്.
ഭാര്യ ദുർഗ, വ്യവസായ മന്ത്രി ടി.ആർ.ബി. രാജ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സ്റ്റാലിനെ അനുഗമിച്ചു. സെപ്റ്റംബർ 14-ന് ചെന്നൈയിലേക്ക് മടങ്ങും.