ചെന്നൈ : തമിഴ്നാട്ടിലെ വിമാനത്താവളങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അടിക്കടിവരുന്ന ബോംബ് ഭീഷണികളെക്കുറിച്ചുള്ള അന്വേഷണം എവിടെയുമെത്തിയില്ല.
ഭീഷണിസന്ദേശങ്ങൾ അയക്കാൻ ടോർ പോലുള്ള ബ്രൗസറുകൾ ഉപയോഗിക്കുന്നതും മെയിൽ അയക്കാൻ ഉപയോഗിച്ച വിലാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്റ്റിനെപ്പോലുള്ള സ്ഥാപനങ്ങൾ തയ്യാറാവാത്തതുമാണ് കാരണം.
ഏതാനും മാസങ്ങൾക്കിടെ തമിഴ്നാട്ടിലെ വിമാനത്താവളങ്ങൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും ബോംബുവെച്ചിട്ടുണ്ടെന്നു കാണിച്ച് നാല്പതോളം സന്ദേശങ്ങളാണ് വന്നത്. വ്യാഴാഴ്ച ഈറോഡ്, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ മൂന്ന് സ്കൂളുകൾക്ക് ഭീഷണിസന്ദേശം ലഭിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിമാനത്തിന് ബോംബുവെച്ചിട്ടുണ്ടന്ന സന്ദേശം വന്നു. രണ്ടുമാസത്തിനിടെ ചെന്നൈ വിമാനത്താവളത്തിനു ലഭിക്കുന്ന പതിനൊന്നാമത്തെ ബോംബുഭീഷണിയായിരുന്നു അത്. അന്വേഷണത്തിൽ ഇവയെല്ലാം വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും അവ ഏറെനേരം പരിഭ്രാന്തിസൃഷ്ടിച്ചു.
സന്ദേശമയച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാത്ത ടോർ ബ്രൗസർ ഉപയോഗിച്ചാണ് വിമാനത്താവളത്തിന് ചൊവ്വാഴ്ച ബോംബുഭീഷണി അയച്ചത്.
ഇതിനുമുൻപുള്ള സന്ദേശങ്ങളും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അയച്ചത്. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക അസാധ്യമാണെന്ന് സൈബർ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവരസാങ്കേതികവിദ്യാരംഗത്ത് വൈദഗ്ധ്യമുള്ളയാളാണ് സന്ദേശമയച്ചതെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.
ബോംബുഭീഷണിയെക്കുറിച്ച് അന്വേഷിക്കുന്നതിന് തമിഴ്നാട് പോലീസിന്റെ സൈബർക്രൈം വിഭാഗം പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇ-മെയിൽ അയക്കുന്നവരുടെ വിവരങ്ങൾ ആരാഞ്ഞ് വിവരസാങ്കേതികവിദ്യാ ഭീമൻമാരായ മൈക്രോസോഫ്റ്റിന് സൈബർ പോലീസ് കത്തയച്ചിരുന്നു. വ്യാജ മെയിൽ ഐ.ഡി. നിർമിക്കുന്നതിന് ഉപയോഗിച്ച വേറെ മെയിൽ ഐ.ഡി.യുടെയും ഫോൺനമ്പറിന്റെയും വിവരങ്ങളാണ് പ്രധാനമായും ആവശ്യപ്പെട്ടത്.
എന്നാൽ, മറുപടിയൊന്നും ലഭിച്ചില്ല. ഇതേത്തുടർന്ന് ഇന്റർപോൾ വഴി വീണ്ടും അപേക്ഷിച്ചു. എന്നാൽ, പോലീസിന് നേരത്തേ ലഭിച്ച ഏതാനും വിവരങ്ങൾ മാത്രമാണ് അവർ കൈമാറിയത്.