ചെന്നൈ : ദക്ഷിണേഷ്യയിൽ വിദേശസംരംഭകർക്ക് മുതൽമുടക്കാൻ ഏറ്റവുംയോജിച്ച സംസ്ഥാനമാണ് തമിഴ്‌നാടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവകാശപ്പെട്ടു.
യു.എസ്. സന്ദർശനത്തിനിടെ സാൻഫ്രാൻസിസ്കോയിൽ നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലെ മനുഷ്യവിഭവശേഷിയും തൊഴിൽ നൈപുണ്യവും വ്യവസായവളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ 1300 കോടിരൂപ മുതൽമുടക്കുന്നതിന് വിവിധ സംരഭങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മൈക്രോ കൺട്രോളർ നിർമാതാക്കളായ മൈക്രോചിപ്പ് ചെന്നൈയിൽ ആർ.ആൻഡ്.ഡി. കേന്ദ്രം തുടങ്ങും.
ഇതിനായി 250 കോടി രൂപ മുടക്കും. 1,500 പേർക്ക് ജോലി ലഭിക്കും. 450 കോടി രൂപ ചെലവിൽ ചെങ്കൽപ്പെട്ടിൽ നോക്കിയയുടെ ഗവേഷണകേന്ദ്രംവരും.
400 കോടിരൂപ ചെലവിൽ ഓഹ്‌മിയവും 50 കോടി രൂപ ചെലവിൽ ഗീക്ക് മൈൻഡ്‌സും 150 കോടി രൂപ ചെലവിൽ യീൽഡ് എൻജിനീയറിങ്ങും നിർമാണശാലകൾ തുടങ്ങും. പേപാലുമായും അപ്ലൈഡ് മെറ്റീരിയൽസുമായും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.