ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ കൂടി മഹേന്ദ്ര സിംഗ് ധോണിയുടെ സഹായം ചെന്നൈ സൂപ്പർ കിംഗ്സിന് ഉണ്ടാകണമെന്ന് മുൻ താരം സുരേഷ് റെയ്ന.
കഴിഞ്ഞ സീസണിൽ ധോണി എങ്ങനെയാണ് ബാറ്റ് ചെയ്തതെന്ന് താൻ കണ്ടിരുന്നു.
എങ്കിലും റുതുരാജ് ഗെയ്ക്ക്വാദിന് ധോണിയുടെ സഹായം ഒരു വർഷം കൂടി ആവശ്യമുണ്ട്. കഴിഞ്ഞ സീസണിന് ശേഷം ഒരുപാട് കാര്യങ്ങൾ റുതുരാജിനോട് സംസാരിച്ചിരുന്നു.
ഒരു വലിയ റോളാണ് ചെന്നൈ നായകനായി റുതുരാജ് പൂർത്തിയാക്കിയത്.
ഐപിഎൽ 2025ൽ കളിക്കുന്ന കാര്യത്തിൽ ധോണി ഇനിയും വ്യക്തത വരുത്തിയിട്ടില്ല.
ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ടെന്നാണ് ധോണി മുമ്പ് പ്രതികരിച്ചത്.
എന്നാൽ മെഗാലേലത്തിന് മുമ്പ് എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യം ഉൾപ്പടെ പരിഗണിച്ചാവും ധോണി ടീമിൽ തുടരുന്നതിൽ നിലപാട് അറിയിക്കൂ എന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് വ്യക്തമാക്കുന്നത്.
ഐപിഎൽ 2024ൽ 14 മത്സരങ്ങൾ കളിച്ച ധോണി 161 റൺസാണ് ആകെ നേടിയത്. പുറത്താകാതെ നേടിയ 37 റൺസാണ് ഉയർന്ന സ്കോർ.
220.55 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിംഗ്. ഐപിഎല്ലിൽ 17 സീസണുകൾ കളിച്ച ധോണി 264 മത്സരങ്ങളിൽ നിന്ന് 5,243 റൺസാണ് ആകെ നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 84 റൺസാണ് ഉയർന്ന സ്കോർ.