ചെന്നൈ : തമിഴ്നാട്ടിൽ 17,616 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ 19 സംരംഭങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
51,157 കോടി രൂപ ചെലവുവരുന്ന 28 പദ്ധതികൾക്ക് തറക്കല്ലിട്ടു.
ബുധനാഴ്ച തമിഴ്നാട് നിക്ഷേപ സംഗമത്തിലാണ് 68,773 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. പദ്ധതികളിലൂടെ 1,06,803 തൊഴിലവസരങ്ങൾ വരുമെന്നാണ് കരുതുന്നത്.
ഹ്യൂണ്ടായ് മോട്ടോർസ് മദ്രാസ് ഐ.ഐ.ടി. യുടെയും സംസ്ഥാന സർക്കാറിന്റെയും സഹകരണത്തോടെ തുടങ്ങുന്ന ഹൈഡ്രജൻ ഇനവേഷൻ സെന്ററിന് ചടങ്ങിൽ മുഖ്യമന്ത്രി തറക്കല്ലിട്ടു.
ഐ.ഐ.ടി. യുടെ കാംപസിനോട് ചേർന്ന് 65,000 ചതുരശ്രയടി സ്ഥലത്താണ് ഇതു സ്ഥാപിക്കുക.
2026-ൽ പ്രവർത്തനം തുടങ്ങും. സെംബ്കോർപ്പ് തൂത്തുക്കുടിയിൽ നിർമ്മിക്കുന്ന ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കും തറക്കല്ലിട്ടു.
ഇവിടെ നിർമാണം തുടങ്ങുന്നതോടെ വ്യാവസായികാടിസ്ഥാനത്തിൽ ഹൈഡ്രജൻ തൻമാത്രകൾ നിർമിക്കുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട് മാറും.