ചെന്നൈ : ചെന്നൈ-നാഗർകോവിൽ, മധുര-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി. ഇതോടെ തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസുകൾ എട്ട് ആയി.
ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ് വഴിയാണ് പുതിയ തീവണ്ടികൾക്ക് പച്ചക്കൊടി കാണിച്ചത്.
ചെന്നൈ സെൻട്രലിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും കേന്ദ്രമന്ത്രി എൽ. മുരുകനും മധുരയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ചെന്നൈ എഗ്‌മോറിൽനിന്ന് നാഗർകോവിലിലേക്കുള്ള വന്ദേ ഭാരതിന്റെ സ്ഥിരംസർവീസ് തിങ്കളാഴ്ച തുടങ്ങും. ചെന്നൈ-നാഗർകോവിൽ വണ്ടി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പോകേണ്ടവർക്ക് പ്രയോജനംചെയ്യും.
ശനിയാഴ്ച മൂന്നു പുതിയ വണ്ടികൾ ഉദ്ഘാടനംചെയ്തതോടെ തമിഴ്‌നാട്ടിലും ഉത്തർപ്രദേശിലും സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസുകളുടെ എണ്ണം എട്ട് ആയി.
പത്തു വന്ദേഭാരത് വണ്ടികളുമായി ഡൽഹിയാണ് ഒന്നാംസ്ഥാനത്ത്. ചെന്നൈ-മൈസൂരു, കോയമ്പത്തൂർ-ബെംഗളൂരു, ചെന്നൈ-കോയമ്പത്തൂർ, മൈസൂരു -ചെന്നൈ, തിരുനെൽവേലി-ചെന്നൈ, ചെന്നൈ-വിജയവാഡ എന്നിവയാണ് തമിഴ്‌നാട്ടിൽ നേരത്തേയുള്ള വന്ദേഭാരത് വണ്ടികൾ.