ചെന്നൈ : നിയമയുദ്ധത്തിനും മണിക്കൂറുകൾനീണ്ട അനിശ്ചിതത്വത്തിനുംശേഷം രാജ്യത്തെ ആദ്യ രാത്രികാല തെരുവു കാറോട്ടമത്സരത്തിന് ശനിയാഴ്ച വൈകീട്ട് ചെന്നൈയിൽ തുടക്കമായി.
രാജ്യാന്തരസംഘടനയായ എഫ്.ഐ.എ.യുടെ സുരക്ഷാ സർട്ടിഫിക്കറ്റ് വൈകിയതിനാൽ ശനിയാഴ്ച പരിശീലനയോട്ടം മാത്രമാണ് നടന്നത്. മത്സരം ഞായറാഴ്ച നടക്കും.
രാജ്യത്ത് 2022-ൽ തുടങ്ങിയ ഇന്ത്യൻ റേസിങ് ലീഗിന്റെ മൂന്നാം സീസണായാണ് രാത്രികാല തെരുവു കാറോട്ട മത്സരം നടത്തുന്നത്. മത്സരത്തിനെതിരേ നൽകിയ ഹർജിപരിഗണിച്ച മദ്രാസ് ഹൈക്കോടതി എഫ്.ഐ.എ.യുടെ സർട്ടിഫിക്കറ്റ് വേണമെന്ന ഉപാധിയിൽ അനുമതിനൽകുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി കനത്തമഴപെയ്തതിനാൽ സുരക്ഷാ പരിശോധനയും സർട്ടിഫിക്കറ്റും വൈകി. ഇതുകാരണം ഉച്ചയ്ക്കു നിശ്ചയിച്ച ഉദ്ഘാടനം രാത്രിയിലേക്കു നീണ്ടു.
എട്ടുമണിക്കുമുൻപ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ മത്സരം മാറ്റിവെക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നെങ്കിലും അതിനുമുൻപുതന്നെ സ്പോർട്സ് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ റേസിങ്ങിന് പച്ചക്കൊടിവീശി.
ചെന്നൈ മറീന ബീച്ചിനുസമീപത്തുള്ള ഐലൻഡ് ഗ്രൗണ്ടിനുചുറ്റുമുള്ള റേസിങ് ട്രാക്കിലാണ് മത്സരം.
കൊച്ചിയടക്കം രാജ്യത്തെ എട്ട് നഗരങ്ങളിലെ ടീമുകൾ മത്സരിക്കുന്നു. വിദേശതാരങ്ങളും പങ്കെടുക്കും. ഫ്രാഞ്ചൈസി ടീമുകൾ തമ്മിലുള്ള ഇന്ത്യൻ റേസിങ് ലീഗ്, ജൂനിയർ ഡ്രൈവർമാരുടെ ഫോർമുല 4 എന്നീ വിഭാഗങ്ങളിലാണ് മത്സരം.