ചെന്നൈ : ചെങ്കൽപ്പെട്ടിലെ ഹനുമന്തപുരത്ത് ആക്രിസാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന റോക്കറ്റ് ലോഞ്ചർ ഷെൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. അർധസൈനികർ ഷൂട്ടിങ് പരിശീലനത്തിനുപയോഗിച്ച ഷെല്ലാണ് പൊട്ടിത്തറിച്ചതെന്ന് കരുതുന്നു.
പല അർധസൈനികവിഭാഗങ്ങളുടെയും വെടിവെപ്പുപരിശീലനം നടക്കുന്ന സ്ഥലമാണ് ഹനുമന്തപുരം. റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളുമുപയോഗിച്ച് ഷൂട്ടിങ് പരിശീലിക്കാറുണ്ട്.
നിയമവിരുദ്ധമാണെങ്കിലും ആക്രിസാധനങ്ങൾ പെറുക്കുന്നവർ പൊട്ടിയ ഷെല്ലിന്റെ ലോഹകവചം ശേഖരിച്ച് വിൽക്കാറുണ്ട്. അങ്ങനെ സാധനങ്ങൾ ശേഖരിച്ച ഹനുമന്തപുരം സ്വദേശി കോതണ്ഡരാമൻ (52) എന്നയാൾക്കാണ് സ്ഫാടനത്തിൽ പരിക്കേറ്റത്.
പൊട്ടാതെകിടന്ന ഷെൽ ശേഖരിച്ച കോതണ്ഡരാമൻ അത് കത്തി ഉപയോഗിച്ച് വേർപെടുത്തുമ്പോഴാണ് പൊട്ടിത്തെറിച്ചത്.
ഗുരുതരപരിക്കേറ്റ ഇദ്ദേഹം ചെങ്കൽപ്പെട്ട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷൂട്ടിങ് റേഞ്ചിനുസമീപമുള്ള ഷെൽ അവശിഷ്ടങ്ങൾ സൈന്യത്തിന് അവകാശപ്പെട്ടതാണെന്നും അവയെടുക്കാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. നാലുവർഷം മുൻപ് ഇവിടെയുണ്ടായ സമാനമായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.