താമസസ്ഥലത്ത് ലഹരി വേട്ട: അറസ്റ്റിലായ വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടു

0 0
Read Time:3 Minute, 40 Second

ചെന്നൈ : താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് അടക്കം ലഹരിവസ്തുകളുമായി പിടിയിലായ കോളേജ് വിദ്യാർഥികളെ ജാമ്യത്തിൽവിട്ടു.

പൊത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിൽ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ 21 കോളേജ് വിദ്യാർഥികളാണ് അറസ്റ്റിലായത്.

ഇതിൽ പത്തുപേരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിലും വിദ്യാർഥിനി അടക്കമുള്ള 11 പേരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷവും വിട്ടയക്കുകയായിരുന്നു.

ജഡ്ജി സ്വന്തം ജാമ്യത്തിലാണ് വിദ്യാർഥികളെ വിട്ടയച്ചത്. ഇവരുടെ ഭാവിയെ കരുതിയാണ് നടപടിയെന്നും ചെങ്കൽപ്പേട്ട് ജില്ലാ ജഡ്ജി വ്യക്തമാക്കി.

ഇതേസമയം, വിദ്യാർഥികൾക്ക് ലഹരിവസ്തുകൾ വിതരണംചെയ്ത മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വിദ്യാർഥികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ഗുണ്ടാനേതാവ് സെൽവമണിയും അറസ്റ്റിലായിരുന്നു. കൊലപാതകക്കേസിലടക്കം പ്രതിയായ ഇയാളാണ് ലഹരിക്കടത്തലിലെ പ്രധാനകണ്ണിയെന്നാണ് സംശയം.

പൊത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിലും സമീപത്തുമുള്ള സ്വകാര്യ എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

1000-ഓളം പോലീസുകാർ ഒരുമിച്ചെത്തി നാടകീയമായ രീതിയിലായിരുന്നു പരിശോധന. ഫ്ലാറ്റുകൾ അടക്കം 600-ഓളം വീടുകളിലായിരുന്നു പരിശോധന.

തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽനിന്നും കേരളമടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ താമസസ്ഥലങ്ങളിലായിരുന്നു താംബരം സിറ്റി പോലീസ് പരിശോധന നടത്തിയത്.

ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച പരിശോധന 10 വരെ നീണ്ടു. കഞ്ചാവ്, കഞ്ചാവ് ചോക്ലേറ്റ്, ഹുക്ക പൗഡർ, ഹുക്ക വലിക്കുന്നതിനുള്ള പൈപ്പ് തുടങ്ങിയവയാണ് വിദ്യാർഥികളിൽനിന്ന് പിടിച്ചെടുത്തത്.

വിദ്യാർഥികളെ ചോദ്യം ചെയ്തതിനുശേഷം പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് റൗഡി സെൽവമണി ഗുഡുവാഞ്ചേരിയിൽനിന്ന് പിടിയിലായത്. ഇയാളിൽനിന്ന് രണ്ട് കിലോ കഞ്ചാവും നാല് വടിവാളും പിടിച്ചെടുത്തു.

കോളേജിന് കാംപസിന് പുറത്ത് വാടകയ്ക്ക് വീടെടുത്ത് ഒരുമിച്ചു താമസിക്കുന്ന വിദ്യാർഥികൾ വലിയ തോതിൽ ലഹരി ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഇതിനെതിരേ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts