ചെന്നൈ : കായികരംഗത്തെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശം.
പോക്സോ നിയമപ്രകാരമുള്ള ഏഴുവർഷത്തെ കഠിനതടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി സർക്കാർ സ്കൂളിലെ മുൻ കായികാധ്യാപകൻ സെൽവൻ നൽകിയ അപ്പീലിൽ വാദംകേൾക്കുകയായിരുന്നു കോടതി.
പെൺകുട്ടികളെ കായികമത്സരങ്ങൾക്ക് കൊണ്ടുപോകുമ്പോൾ മാതാപിതാക്കളെയും ഒപ്പംകൂട്ടണമെന്നു നിർദേശിച്ച കോടതി ലൈംഗികപീഡനവും മറ്റും വനിതാ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
സുരക്ഷിതമായ കായികാന്തരീക്ഷമെന്നത് ഓരോ വനിതാ കായികതാരത്തിന്റെയും മൗലികാവകാശമാണ്. പ്രകടനത്തിൽ വിജയിക്കണമെങ്കിൽ പിന്തുണയ്ക്കൊപ്പം മാനസികസന്തോഷംകൂടി ആവശ്യമാണ്.
കായികവിദ്യാഭ്യാസം നൽകുകയും കായികസംസ്കാരം പ്രോത്സാഹിപ്പിക്കുകയുംചെയ്യേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.
ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനമില്ലാതെ, കഴിവുള്ള കായികതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
2018-ൽ വിരുദുനഗറിലെ ലോഡ്ജ് മുറിയിൽവെച്ച് പട്ടികജാതിവിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സെൽവന്റെേപരിലുള്ള കേസ്. ഇയാളുടെ ശിക്ഷ റദ്ദുചെയ്യാനും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണന്റെ ബെഞ്ച് വിസമ്മതിച്ചു.