ചെന്നൈ : മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. തൂത്തുക്കുടി സ്വദേശിനി ഷേർളിയാണ് (23) കാഞ്ചീപുരം മീനാക്ഷി മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയിൽനിന്ന് ചാടിയത്.
ഞായറാഴ്ച രാത്രി 8.30-ഓടെ സഹവിദ്യാർഥികളും കോളേജ് അധികൃതരും നോക്കിനിൽക്കെയാണ് സംഭവം. ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് കരയുന്ന ഷേർളിയെ അടുത്ത കെട്ടിടത്തിലുള്ളവരാണ് ആദ്യംകണ്ടത്. ഉടൻതന്നെ കോളേജ് അധികൃതരെ അറിയിച്ചു.
ഇവരും സഹവിദ്യാർഥികളും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാനായി താഴെ വലവിരിക്കുന്ന നടപടി പൂർത്തിയാകും മു ൻപ് ഷേർളി ചാടുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
എം.ബി.ബി.എസ്. കോഴ്‌സിന്റെ ഭാഗമായ പ്രായോഗിക പരിശീലനം (ഹൗസ് സർജൻസി) ചെയ്യുകയായിരുന്നു ഷേർളി. സഹപാഠിയായ വിദ്യാർഥിയുമായി കോഴ്‌സ് തുടങ്ങിയ വർഷം മുതൽ പ്രണയത്തിലായിരുന്നു.
മൂന്നാംവർഷം പഠിക്കുമ്പോൾ ഇരുവരും തമ്മിൽ പിണങ്ങി. ഇതേത്തുടർന്ന് വിഷാദരോഗം ബാധിക്കുകയും ചികിത്സതേടുകയും ചെയ്തിരുന്നു.
സഹപാഠിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഷേർളിയുടെ വീട്ടുകാർ ഇടപ്പെട്ടുവെങ്കിലും വീണ്ടും ബന്ധം വഷളായി. തുടർന്ന് കുറച്ചുനാളുകളായി ഷേർളി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.