ഓൺലൈൻ ഓഹരിത്തട്ടിപ്പ് നടത്തി മറ്റുജില്ലകളിൽ റിസോർട്ടുകൾ വാങ്ങി കൂട്ടി : ഏഴു പേർ അറസ്റ്റിൽ

0 0
Read Time:3 Minute, 7 Second

ചെന്നൈ : ഓൺലൈൻ ഓഹരി ഇടപാടിനുള്ള വ്യാജ സോഫ്‌റ്റ്‌വേർ ഉപയോഗിച്ച് ഉപഭോക്താക്കളിൽനിന്ന് 56 കോടി രൂപ തട്ടിയെടുത്ത കേസിൽ ഏഴുപേരെ പുതുച്ചേരി സൈബർ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ ബെംഗളൂരുവിലും നെയ്‌വേലിയിലുമുള്ള കോൾ സെന്ററുകൾ മുദ്രവെച്ചു.

ലാഭമുണ്ടാക്കുന്ന കമ്പനികളുടെ ഓഹരികളിൽ പണം നിക്ഷേപിച്ച് മികച്ചനേട്ടംനൽകുമെന്ന് അവകാശപ്പെട്ടാണ് സംഘം സോഫ്റ്റ്‌ വേറുകൾ അവതരിപ്പിക്കുന്നത്.

ഇവരുടെ സോഫ്റ്റ് വേർ വാങ്ങി കബളിപ്പിക്കപ്പെട്ട പുതുച്ചേരി സ്വദേശി എം. കോകില (36) നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞതുനസരിച്ചാണ് കോകില സോഫ്റ്റ് വേർ വാങ്ങിയത്. അവർ നിർദേശിച്ചപ്രകാരം പല തവണകളിലായി 18,05,556 രൂപ നിക്ഷേപിച്ചു.

എന്നാൽ, മുടക്കുമുതലോ ലാഭമോ തിരിച്ചുകിട്ടിയില്ല. കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നതുമില്ല. ഇതേത്തുടർന്ന് പുതുച്ചേരി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവിലും നെയ്‌വേലിയിലുമുള്ള കോൾ സെന്ററുകൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇന്ത്യക്കു പുറമെ, ദുബായ്, ഹോങ്കോങ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഓഫീസുകളും 200-ൽ ഏറെ ജീവനക്കാരുമുണ്ട്. നെയ്‌വേലി സ്വദേശി നൗഷാദ് ഖാൻ അഹമ്മദും ഭാര്യ സൗമ്യയുമാണ് തട്ടിപ്പിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ ഒൻപതു മാസത്തിനിടെയാണ് 56 കോടി രൂപ തട്ടിയെടുത്തത്.

പത്തുവർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ഇവരുടെ കംപ്യൂട്ടറുകളിൽനിന്ന് 1,56,346 വ്യക്തികളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ എത്രപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പരിശോധിച്ചുവരുകയാണ്.

നാലു ലക്ഷ്വറി കാറുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ബാങ്ക് പാസ് ബുക്കുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

തട്ടിപ്പിൽനിന്ന് കിട്ടിയ പണമുപയോഗിച്ച് ഇവർ ബെംഗളൂരുവിലും യേർക്കാടും പുതുച്ചേരിയിലും കൊടൈക്കനാലും റിസോർട്ടുകൾ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts