ലക്ഷ്യം യുവജനങ്ങൾ; 720 കോളേജുകളിൽ ‘മാനവർ മൺട്രം’ കേന്ദ്രീകരിച്ച് ഡി.എം.കെ

0 0
Read Time:2 Minute, 42 Second

ചെന്നൈ : യുവജനങ്ങളെ ആകർഷിക്കാൻ തമിഴ്‌നാട്ടിലെ 720 കോളേജുകൾ കേന്ദ്രീകരിച്ച് ‘തമിഴ് മാനവർ മൺട്രം’ എന്ന പേരിൽ സംഘടന തുടങ്ങാൻ പദ്ധതിയുമായി ഡി.എം.കെ. പാർട്ടി യുവജന വിഭാഗം സെക്രട്ടറിയും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർദേശ പ്രകാരമാണിത്.

തമിഴ്നാടിന്റെ പാരമ്പര്യം, സംസ്കാരം എന്നിവയിൽ വിദ്യാർഥികളിൽ അവബോധവും അഭിമാനബോധവും വളർത്തി പാർട്ടിയിൽ യുവജനങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രികഴകം യുവജനങ്ങളിൽ സ്വാധീനം ചെലുത്തുന്നത് പ്രതിരോധിക്കുക എന്ന നീക്കവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.

ഡി.എം.കെ. യിൽ യുവജനങ്ങൾക്ക് മുൻനിരയിലെത്താൻ വഴിയൊരുക്കണമെന്ന് ഉദയനിധി പ്രത്യേകം നിർദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ഓരോ കോളേജിലും 100 അംഗങ്ങളെ ഉൾപ്പെടുത്തി ‘തമിഴ് മാനവർ മൺട്രം’ വിപുലപ്പെടുത്തുമെന്ന് ഡി.എം.കെ. വിദ്യാർഥി വിഭാഗം സെക്രട്ടറി സി.വി.എം.പി. ഏഴിലരശൻ പറഞ്ഞു.

പ്രവർത്തനങ്ങൾക്ക് അതതു ജില്ലകളിലെ പാർട്ടിയുടെ വിദ്യാഭ്യാസ വിഭാഗം ഭാരവാഹികൾ മേൽനോട്ടം വഹിക്കുകയും അംഗങ്ങൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യും.

കാംപസുകളിൽ വിദ്യാർഥികൾക്ക് ചർച്ചകളിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള ഒരു വേദിയായാണ് സംഘടനയെ ഉയർത്തിക്കൊണ്ടു വരുക. ഇതിന്റെ ഭാഗമായി ശില്പശാല, സെമിനാർ, പ്രഭാഷണം എന്നിവ സംഘടിപ്പിക്കും. നേതൃപാടവം വളർത്തിയെടുക്കുന്ന തരത്തിൽ പരിശീലന പരിപാടികളും സംഘടിപ്പിക്കും.

‘നാൻ മുതൽവൻ’ പദ്ധതിയുമായി സഹകരിച്ച് നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്നും ഏഴിലരശൻ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ജില്ലാ ഭാരവാഹികൾക്ക് മാർഗനിർദേശം നൽകാൻ ഈ മാസം ആറിന് ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാളയത്തിൽ യോഗം ചേരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts