ചെന്നൈ : സർക്കാർ സ്കൂളുകളിൽ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ചെന്നൈ നഗരത്തിലെ രണ്ട് സ്കൂളുകളിൽ നടന്ന ആത്മീയ പ്രഭാഷണത്തെച്ചൊല്ലി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി വ്യക്തമാക്കി. ഒരു സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ അശോക് നഗറിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സെയ്ദാപ്പേട്ട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും മഹാവിഷ്ണു എന്നയാൾ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രതിഷേധമുയർന്നത്.
വ്യക്തിത്വ വികസന ക്ലാസെന്നാണ് പറഞ്ഞിരുന്നതെങ്കിലും അന്ധവിശ്വാസങ്ങളും കപട ശാസ്ത്രവും പ്രചരിപ്പിക്കുന്നതായിരുന്നു പ്രഭാഷണമെന്നാണ് വിമർശനം. പരംപൊരുൾ ഫൗണ്ടേഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
പൗരാണിക ഭാരതം അറിവിന്റെ കേന്ദ്രമായിരുന്നെന്നും ബ്രിട്ടീഷുകാർ പഴയ താളിയോല ഗ്രന്ഥങ്ങൾ നശിപ്പിച്ചതോടെയാണ് നമ്മൾ പിന്നിലായിപ്പോയതെന്നുമാണ് മഹാവിഷ്ണു കുട്ടികളോട് പറഞ്ഞത്. മന്ത്രോച്ചാരണംകൊണ്ട് രോഗം മാറ്റാമെന്നും അഗ്നി ജ്വലിപ്പിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജാതി വ്യവസ്ഥയെ ന്യായീകരിച്ചു. മുൻജന്മ പാപങ്ങളുടെ ഫലമായാണ് ഈ ജന്മത്തിൽ ചിലർ ദരിദ്രരായി ജനിക്കുന്നതെന്നും ചിലർക്ക് ഭിന്നശേഷിയുണ്ടാകുന്നതെന്നുമാണ് മറ്റൊരു കണ്ടെത്തൽ. ഇതു പറഞ്ഞതിനെ ചോദ്യംചെയ്ത കാഴ്ചപരിമിതിയുള്ള അധ്യാപകനുമായി പ്രഭാഷകൻ തർക്കിക്കുകയുംചെയ്തു.
സ്കൂളിൽ നടത്തിയ അശാസ്ത്രീയ പ്രഭാഷണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഘടനകൾ പ്രതിഷേധവുമായെത്തി. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് ആവശ്യമുയർന്നു.
എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രകടനങ്ങൾ നടത്തി. വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി അശോക് നഗർ സ്കൂൾ സന്ദർശിക്കുകയും യുക്തിചിന്തയുടെ അടിസ്ഥാനത്തിൽമാത്രം കാര്യങ്ങളെ സമീപിക്കണമെന്ന് വിദ്യാർഥികളോട് നിർദേശിക്കുകയുംചെയ്തു.
അശോക് നഗർ സ്കൂൾ പ്രിൻസിപ്പൽ തമിഴരശിയെയാണ് സ്ഥലംമാറ്റിയത്. പ്രഭാഷകനെ ചോദ്യംചെയ്ത അധ്യാപകനെ മന്ത്രി അനുമോദിച്ചു.
ഇതിനു പിന്നാലെയാണ് യു.എസിലുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവന വന്നത്. ശാസ്ത്രീയ ചിന്താഗതിയും നീതിബോധവും വ്യക്തിഗതപുരോഗതിയും വളർത്തുന്ന പരിപാടികളാണ് സ്കൂളുകളിൽ നടത്തേണ്ടതെന്ന് സ്റ്റാലിൻ വ്യക്തമാക്കി.