ചെന്നൈ : നാലുവർഷംമുമ്പ് ഭർത്താവ് ക്യാപ്റ്റൻ ജഗ്താർ സിങ് തീവണ്ടി അപകടത്തിൽ മരിച്ചപ്പോൾ ഇരട്ടക്കുട്ടികളുമായി പകച്ചു നിൽക്കുകയായിരുന്നു ഉഷാറാണി.
എന്നാൽ അധികനാൾ കഴിയും മുമ്പ് അവർ ആത്മധൈര്യം വീണ്ടെടുത്തു. അത് ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. ഒടുവിൽ ഒരു നിയോഗംപോലെ ഭർത്താവ് ജോലി ചെയ്ത ഇന്ത്യൻ സൈന്യത്തിൽ ഉഷാറാണിയും എത്തി.
ഒരുവർഷം നീണ്ട കഠിനപരിശീലനം പൂർത്തിയാക്കി ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ)യിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഉഷാറാണി സൈന്യത്തിന്റെ ഭാഗമായി.
ശനിയാഴ്ച നടന്ന ചടങ്ങിലൂടെ 250 പേരാണ് സൈന്യത്തിലേക്ക് പുതുതായി എത്തിയത്. ഇതിൽ 39 പേർ വനിതകളാണ്. അതിൽ ഒരു ധീരവനിതയായി ഉഷാറാണിയും.
2020-ലാണ് ഭർത്താവ് ജഗ്താർ സിങ് തീവണ്ടിയപകടത്തിൽ മരിച്ചത്. ഭർത്താവിന്റെ വേർപാട് ഒരുഭാഗത്ത് മാനസികമായി തളർത്തിയപ്പോഴും ആത്മധൈര്യത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു ഉഷാറാണി.
കുട്ടികളെ പരിപാലിക്കുന്നതിനൊപ്പംതന്നെ അവർ ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് ആർമി പബ്ലിക് സ്കൂളിൽ അധ്യാപികയായി. അവിടെ ജോലിചെയ്യുമ്പോഴാണ് ഭർത്താവിന്റെ പാത പിന്തുടരണമെന്ന ആഗ്രഹം കലശലായത്.
അങ്ങനെ സൈന്യത്തിൽചേരാൻ സർവീസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) പരീക്ഷയ്ക്ക് തയ്യാറെടുപ്പുതുടങ്ങി.
കഴിഞ്ഞവർഷം വിവാഹവാർഷികദിനത്തിൽത്തന്നെ ഒ.ടി.എ.യിൽ പ്രവേശനം ലഭിച്ചതും യാദൃച്ഛികതയായി.
കഠിനപരിശീലനത്തിനുശേഷം സൈന്യത്തിന്റെ ഭാഗമാവുമ്പോൾ അഭിമാനംകൊണ്ട് ഉഷാറാണിയുടെ ശിരസ് ഉയരുന്നു.