ചെന്നൈ : തമിഴ്‌നാട്ടിൽ മുതൽമുടക്കുന്നതിന് ഇലക്ട്രോണിക് ഘടക നിർമാതാക്കളായ ജബിലുമായും സാങ്കേതികവിദ്യാസ്ഥാപനമായ റോക്ക് വെൽ ഓട്ടോമേഷനുമായും തമിഴ്‌നാട് സർക്കാർ 2,666 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ആപ്പിളിനുവേണ്ടി ഇലക്ട്രോണിക് ഘടകങ്ങൾ നിർമിക്കുന്ന ജബിൽ തിരുച്ചിറപ്പള്ളിയിൽ 2,000 കോടി രൂപ ചെലവിൽ ഫാക്ടറി തുടങ്ങും.
5,000 പേർക്ക് ഇവിടെ ജോലി ലഭിക്കും. റോക്ക് വെൽ ഓട്ടമേഷൻ 666 കോടി രൂപ ചെലവിട്ട് കാഞ്ചീപുരത്തെ നിർമാണശാല വിപുലമാക്കും.
ഇവിടെ 365 പേർക്കുകൂടി ജോലി ലഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ യു.എസ്. സന്ദർശന വേളയിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.
ജബിൽ കൂടിയെത്തുന്നതോടെ ആപ്പിളിനുവേണ്ടി ഘടകഭാഗങ്ങൾ നിർമിക്കുന്ന പ്രധാന സംരംഭങ്ങൾക്കെല്ലാം തമിഴ്‌നാട്ടിൽ നിർമാണശാലയുണ്ടാകും. ഫോക്സ്‌കോൺ, പെഗാട്രോൺ, ടാറ്റ ഇലക്ട്രോണിക്സ് എന്നിവ നേരത്തേ എത്തിയിട്ടുണ്ട്.
അമേരിക്കയിലെ പ്രമുഖ സംരംഭങ്ങളുമായി 4,150 കോടി രൂപയുടെ ധാരണാപത്രത്തിൽ തമിഴ്‌നാട് സർക്കാർ നേരത്തെ ഒപ്പുവെച്ചിരുന്നു. വാർത്താവിനിമയ രംഗത്തെ ഭീമനായ ട്രില്യന്റ് നെറ്റ് വർക്ക് 2,000 കോടി രൂപ ചെലവിൽ ഗ്ലോബൽ സപ്പോർട്ട് സെന്റർ തുടങ്ങും.
ലിങ്കൺ ഇലക്ട്രിക് 500 കോടി രൂപ ചെലവിട്ട് നിർമാണകേന്ദ്രം തുടങ്ങും. ഗൂഗിൾ, വിഷായ് പ്രെസിഷൻ, വിസ്റ്റിയോൺ, എന്നിവയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ച മറ്റുസ്ഥാപനങ്ങൾ.