ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുസംഘം പണം കവരാൻ ശ്രമിച്ചതായി പരാതി. ഇക്കാര്യം വ്യക്തമാക്കി ജഡ്ജിക്കുവേണ്ടി സഹായി കൃഷ്ണൻ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
മുംബൈ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മിഷൻ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് ഏതാനും ദിവസംമുൻപ് അജ്ഞാതൻ ജഡ്ജിയെ മൊബൈൽഫോണിൽ ബന്ധപ്പെട്ടത്.
ജഡ്ജിയുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ മുംബൈയിലെ അന്ധേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ അറസ്റ്റ് വാറന്റുമായി പോലീസെത്തുമെന്നുമായിരുന്നു ഭീഷണി. അതിനുമുൻപ് കേസ് ഒതുക്കിത്തീർക്കാൻ പണം നൽകാനായി ആവശ്യപ്പെട്ടു.
ആധാർ, പാൻകാർഡ് തുടങ്ങിയ വിവരങ്ങൾ ഉടൻ നൽകാനും ആവശ്യപ്പെട്ടതായും ജഡ്ജിയുടെ പരാതിയിൽ വ്യക്തമാക്കി.
പണംതട്ടാൻ ശ്രമിച്ച ഓൺലൈൻ തട്ടിപ്പുസംഘത്തിനെതിരേ നടപടിയെടുക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് സൈബർ ക്രൈം പോലീസ് ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ ജനുവരിമുതൽ ജൂൺവരെയായി തമിഴ്നാട്ടിലുടനീളം 1340 സൈബർ തട്ടിപ്പുകേസാണ് രജിസ്റ്റർചെയ്തത്.