ചെന്നൈ : നഗരത്തിൽ ഓണമാഘോഷിക്കാനുള്ള മലയാളികളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സദ്യ ഒരുക്കുന്നതിനടക്കമുള്ള തയ്യാറെടുപ്പുകളാണ് തകൃതിയിൽ നടക്കുന്നത്.
ഉത്രാടദിവസമായ ശനിയാഴ്ച തിരക്ക് ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നടന്ന ഓണാഘോഷത്തിന്റെ തിരക്കുകൾ കഴിഞ്ഞതോടെയാണ് പലരും വീടുകളിലെ ഓണാഘോഷത്തിനൊരുങ്ങുന്നത്.
വെള്ളിയാഴ്ച വൈകീട്ടുതന്നെ നഗരത്തിലെ വിപണികളിൽ മലയാളികളുടെ തിരക്ക് ദൃശ്യമായിരുന്നു.
ഓണക്കോടി വാങ്ങുന്നതിനായി ടി. നഗർ അടക്കമുള്ള വ്യാപാരകേന്ദ്രങ്ങളിൽ ഒട്ടേറെ മലയാളികളെത്തി. തിരുവോണത്തെപ്പോലെ ഉത്രാടദിവസവും പൂക്കളമിടാൻ പലരും താത്പര്യപ്പെടുന്നതിനാൽ പൂവിപണിയിലും ഓണത്തിരക്കുണ്ടായിരുന്നു.
ശനിയാഴ്ച കോയമ്പേട് തുടങ്ങിയ ചന്തകളിൽ പച്ചക്കറികൾ വാങ്ങുന്നതിനുള്ള തിരക്ക് പ്രതീക്ഷിക്കുന്നു. മലയാളി സംഘടനകൾ നടത്തുന്ന ഓണച്ചന്തകളിൽ കഴിഞ്ഞദിവസങ്ങളിൽ ഒട്ടേറെപ്പേരെത്തി.