കോയമ്പത്തൂർ : മധുക്കര വനമേഖലയിൽ റെയിൽവേ ലൈനുകൾക്ക് സമീപം സ്ഥാപിച്ച നിർമിതബുദ്ധികൊണ്ട് പ്രവർത്തിക്കുന്ന തെർമൽ ഇമേജിങ് ക്യാമറകൾ വിജയത്തിലേക്ക്.
ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ കഴിഞ്ഞ 11 മാസത്തിനിടെ ഒറ്റ അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വനംവകുപ്പ്. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ തീവണ്ടിയിടിച്ച് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധുക്കര വനംസെക്ഷനിലെ എ, ബി റെയിൽവേ ലൈനുകളിലാണ്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് എ-ലൈനിൽ 1.78 കിലോമീറ്റർ ദൂരത്ത് അഞ്ച് ക്യാമറകളും ബി-ലൈനിൽ 2.8 കിലോമീറ്ററിൽ ഏഴുക്യാമറകളും സ്ഥാപിച്ചത്.
ക്യാമറകൾ സ്ഥാപിച്ച 2023 നവംബർ മുതൽ 2024 ഓഗസ്റ്റ് വരെ 2,659 കാട്ടാനകൾ റെയിൽവേ ലൈൻ മുറിച്ചുകടക്കുന്നത് ക്യാമറയിൽ പതിഞ്ഞതായി കോയമ്പത്തൂർ ജില്ലയിലെ വനംവകുപ്പ് അധികൃതർ പറയുന്നു.
നാല് പുള്ളിപ്പുലികളും ആറ് കാട്ടുപന്നികളും 22 മാനുകളും റെയിൽവേ ലൈനുകൾ മുറിച്ചുകടന്നിട്ടുണ്ട്. റെയിൽവേ ലൈനുകൾക്ക് സമീപം വന്യജീവികൾ എത്തിയാൽ അതിന്റെ ചിത്രം എ.ഐ. ക്യാമറയിൽ പതിയുകയും ഉടൻതന്നെ മധുക്കര സെക്ഷൻ ഓഫീസിനടുത്തുള്ള കൺട്രോൾ റൂമിൽ അലാറം അടിക്കുകയും ചെയ്യും.
ഇതോടെ വനംജീവനക്കാർ പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർക്ക് വിവരം കൈമാറും. അവർ ബന്ധപ്പെട്ട ലോക്കോപൈലറ്റിനെ അറിയിച്ച് തീവണ്ടിയുടെ വേഗം കുറയ്ക്കും.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 654 തവണ കാട്ടാനകൾ റെയിൽവേ ലൈൻ മുറിച്ചുകടന്നതായി ക്യമാറയിൽ പതിഞ്ഞിട്ടുണ്ട്.