ചെന്നൈ : നടൻ വിജയ് രൂപവത്കരിച്ച രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27-ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കും.
പാർട്ടിയുടെ പ്രത്യയശാസ്ത്രവും കർമ പരിപാടിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വിജയ് വെള്ളിയാഴ്ച അറിയിച്ചു.
പാർട്ടിയുടെ ആദ്യസമ്മേളനം രാഷ്ട്രീയോത്സവമായിരിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉത്സവം കൂടിയാകുമത്.
വിക്രവാണ്ടിയിലെ വി. ശാലെ ഗ്രാമത്തിൽ വൈകീട്ട് നാലിനാണ് സമ്മേളനം. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 22-ന് പാർട്ടിയുടെ പതാകയും ഗീതവും പുറത്തിറക്കി.
ആദ്യസമ്മേളനം ഈ മാസം 23-ന് നടത്താനായിരുന്നു പരിപാടി. പോലീസിന്റെ അനുമതി വൈകിയതും തയ്യാറെടുപ്പിന് വേണ്ടത്ര സമയംകിട്ടാത്തതും കാരണമാണ് അടുത്തമാസത്തേക്ക് മാറ്റിയത്.
പുതിയ തീയതിവെച്ച് സമ്മേളനത്തിന് അനുമതിതേടി വീണ്ടും അപേക്ഷ നൽകുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.