ചെന്നൈ : തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനുസമീപം കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന്റെ ദേഷ്യത്തിൽ സുഹൃത്തിന്റെ രണ്ട് ആൺമക്കളെ യുവാവ് കൊന്നു.
യോഗരാജ് എന്നയാളുടെ മക്കളായ യോഗിത് (5), ദർശൻ (4) എന്നിവരെയാണ് അരീപ്പട്ടി സേങ്കത്തമ്മൻ ക്ഷേത്രത്തിനുസമീപം കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ യോഗരാജിന്റെ സുഹൃത്തായ കെട്ടിടനിർമാണക്കരാറുകാരൻ വസന്തകുമാറിനെ അറസ്റ്റുചെയ്തു. വസന്തകുമാർ കുട്ടികളെ ലഘുഭക്ഷണം വാങ്ങിക്കൊടുക്കാനെന്നപേരിൽ പുറത്തുകൊണ്ടുപോവുകയായിരുന്നു.
രാത്രിവൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് യോഗരാജ്, വസന്തിന്റെ മൊബൈൽഫോണിലേക്ക് വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന്, യോഗരാജ് അമ്പൂർ റൂറൽ പോലീസിൽ പരാതിനൽകി. തിരുപ്പത്തൂർ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രേയ ഗുപ്തയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വസന്ത് കുമാറിൽനിന്ന് യോഗരാജ് 14,000 രൂപ കടം വാങ്ങിയിരുന്നു.
തിരികെ ചോദിച്ചപ്പോൾ യോഗരാജ് നൽകാൻ തയ്യാറായില്ല. പണത്തിന്റെ പേരിൽ തർക്കംമൂത്ത് വസന്തിനും ഭാര്യക്കും വേർപിരിയേണ്ടിവന്നെന്നും ഇതിെന്റ ദേഷ്യം തീർക്കാനാണ് കൊല നടത്തിയതെന്നുമാണ് വസന്ത് കുമാർ മൊഴി നൽകിയതെന്ന് പോലീസ് അറിയിച്ചു.