ചെന്നൈ : പ്ലസ്വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു.
ചെന്നൈക്കടുത്ത് താഴമ്പൂരിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്തവരാണ്.
സർക്കാർ സ്കൂളിൽ പഠിക്കുന്ന പതിനാറുകാരി സ്കൂൾസമയത്തിനുശേഷം ട്യൂഷൻ കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് മൂന്നംഗസംഘം ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
നേരംവൈകിയിട്ടും കാണാത്തിനെത്തുടർന്ന് അന്വേഷിച്ചിറങ്ങിയ വീട്ടുകാർ കണ്ടത് ദേഹമാസകലം പരിക്കേറ്റ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി വരുന്ന പെൺകുട്ടിയെയാണ്.
ഉടനെ അടുത്തുള്ള ആശുപത്രിയിലാക്കി. ആശുപത്രി അധികൃതർ പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു.
ബലാത്സംഗം നടന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.പെൺകുട്ടി നൽകിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ സുന്ദറിനെയും (21) പതിനാറുകാരായ രണ്ടു കൂട്ടുപ്രതികളെയും പിടികൂടിയത്. ആക്രിസാധനങ്ങൾ പെറുക്കുന്ന നാടോടികളാണ് മൂവരും.
സുന്ദറിന് പെൺകുട്ടിയെ നേരത്തേ അറിയാമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ വീട്ടിൽനിന്ന് അരക്കിലോമീറ്റർമാത്രം അകലെവെച്ചാണ് സംഭവം നടന്നത്.