ചെന്നൈ : ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി നാലും ആറും വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം അതേകിണറ്റിൽച്ചാടി മരിച്ചു. കിണറ്റിൽവീണ മക്കളിൽ നാലുവയസ്സുകാരൻ മരിച്ചു. മൂത്തമകൻ കിണറ്റിലെ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുനിന്നതിനാൽ രക്ഷപ്പെട്ടു.
കരൂർ ജില്ലയിലെ കുളിത്തലയിലുള്ള ലക്ഷ്മിയാണ് ഭർത്താവ് അരുണുമായുള്ള വഴക്കിന്റെപേരിൽ മക്കളെ കിണറ്റിലെറിഞ്ഞതിനുശേഷം ജീവനൊടുക്കിയത്.
ലോറി ഡ്രൈവറായ അരുണും ലക്ഷ്മിയും ഏഴുവർഷംമുൻപാണ് വിവാഹംകഴിച്ചത്. കഴിഞ്ഞ കുറേനാളുകളായി ഇരുവരുംതമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് ലക്ഷ്മി മക്കളായ ദർശൻ, നിഷാന്ത് എന്നിവരുമായി സമീപമുള്ള കൃഷിയിടത്തിലേക്കുപോയി. അവിടെയുള്ള കിണറ്റിലേക്ക് മക്കളെ രണ്ടുപേരെയും വലിച്ചെറിഞ്ഞതിനുശേഷം ലക്ഷ്മിയും ചാടുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാർ നോക്കിയപ്പോഴാണ് മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുനിൽക്കുന്ന ദർശനെ കണ്ടത്.
അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ദർശനെ രക്ഷിച്ചെങ്കിലും ലക്ഷ്മിയും നിഷാന്തും മുങ്ങിമരിച്ചിരുന്നു. രണ്ടുമണിക്കൂറോളംനീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.