ഓൺലൈൻ വഴി പരിചയപ്പെട്ട പാകിസ്ഥാനി പെൺകുട്ടിയെ കാണാൻ അതിർത്തി കടക്കാൻ വന്ന യുവാവാണ് പോലീസ് പിടിയിലായത്.
ജമ്മു കശ്മീരിൽ നിന്നുള്ള 36 കാരനായ യുവാവ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ എത്തിയ ശേഷം, താൻ ഓൺലൈൻ വഴി പരിചയപ്പെട്ട ഒരു യുവതിയെ കാണാൻ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. കശ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഷെയ്ഖാണ് കഥയിലെ താരം.
സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായ പാകിസ്ഥാനിലെ മുൾതാൻ സ്വദേശിനി ഇൻഫ്ലുവൻസറുമായി താൻ പ്രണയത്തിലാണെന്നും അവരെ കാണാനായിട്ടാണ് അതിർത്തി കടക്കാൻ വന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞത്.
യുവതിയെ കാണാമെന്ന പ്രതീക്ഷയോടെ കശ്മീരിൽ നിന്നും ഇദ്ദേഹം കച്ചിലേക്ക് യാത്ര തിരിച്ചു. കച്ച് അതിർത്തി വഴി നിയമപരമായി പാകിസ്ഥാനിൽ പ്രവേശിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഷെയ്ഖ്, അധികൃതരിൽ നിന്ന് അനുമതി നേടുന്നതിന് പ്രദേശവാസികളുടെ സഹായം തേടി.
പ്രദേശവാസികളാണ് സംശയം തോന്നി പോലിസിനെ അറിയിച്ചതും യുവാവ് കസ്റ്റഡിയിലാകുന്നതും. കാശ്മീരിൽ നിന്ന് പാകിസ്ഥാനിലേയ്ക്ക് യാത്ര ചെയ്യുന്നത് അസാധ്യമായതിനാലാണ് കച്ചിലെത്തി ആരെയെങ്കിലും സ്വാധിനിച്ച് അങ്ങോട്ട് പോകാമെന്ന എളുപ്പമുള്ള വഴി തേടി ഷെയ്ഖ് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഷെയ്ഖിന്റെ കുടുംബവുമായും ജമ്മു കശ്മീരിലെ പ്രാദേശിക പോലീസുമായും അധികാരികൾ പ്രാഥമിക അന്വേഷണം നടത്തി ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തി ആളെ നാട്ടിലേയ്ക്ക് തിരിച്ചുവണ്ടി കയറ്റിവിട്ടു. ഷെയ്ഖ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് അറിയുന്നു.