ചെന്നൈ : വിരുദുനഗർ ജില്ലയിലെ സാത്തൂരിലെ പടക്കനിർമാണശാലയിൽ വൻ സ്‌ഫോടനം. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
ഒറ്റമ്പട്ടി ഗ്രാമത്തിൽ കന്ദസ്വാമിയുടെ ഉടമസ്ഥതയിലുള്ള തിരുമുരുകൻ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. സാത്തൂരിന് ചുറ്റും 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കി.
ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ 25-ലധികം വീടുകളുടെ മേൽക്കൂരയും ചുമരും തകർന്നു. വിരുദുനഗർ, ശിവകാശി, സാത്തൂർ മേഖലകളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീയണച്ചത്.
ദീപാവലിക്ക് ഏറ്റവും കൂടുതൽ പടക്കം ഉണ്ടാക്കുന്ന ഇടങ്ങളിലൊന്നാണിത്.
വിൽപ്പനയ്ക്കായി അയക്കാനുള്ള സ്റ്റോക്ക് റൂമിൽ രാസവസ്തുക്കൾ കൂട്ടിയുരസിയതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 19-ന് വെമ്പക്കോട്ടയ്ക്കടുത്തുള്ള പടക്ക നിർമാണ യൂണിറ്റിൽ സ്‌ഫോടനമുണ്ടായിരുന്നു.