ചെന്നൈ : പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ നഗരം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച മഴ ചൊവ്വാഴ്ച പകൽ മുഴുവൻ തുടർന്നതോടെ റോഡുകളിൽ വെള്ളക്കെട്ടായി.
തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു.
ഈ മൂന്ന് ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
താഴ്ന്നസ്ഥലങ്ങളിൽ വീടുകളുടെ പരിസരങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. അടുത്ത 24 മണിക്കൂറിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
എന്നാൽ ഭീതിവേണ്ടെന്നും എല്ലാ മുൻകരുതൽനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
മഴ തുടങ്ങിയ തിങ്കളാഴ്ചരാത്രിയിൽത്തന്നെ നോർത്ത് ചെന്നൈ, സെൻട്രൽ തുടങ്ങിയിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ എത്തിയപ്പോഴേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയായി. പലയിടങ്ങളിലും സബ്വേകളിൽ വെള്ളംകയറിയതോടെ ഈ ഭാഗങ്ങളിലൂടെയുള്ള ഗതാഗതം മുടങ്ങി.
കോടമ്പാക്കം, നുങ്കമ്പാക്കം, ചൂളൈമേട്, അമിഞ്ചിക്കര, കോയമ്പേട്, വിരുഗമ്പാക്കം, വൽസരവാക്കം, അണ്ണാനഗർ, അഡയാർ, ടി നഗർ തുടങ്ങി നഗരഹൃദയ ഭാഗത്തുള്ള പ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളിലും വെള്ളക്കെട്ടാണ്.