ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വ്യാഴാഴ്ച രാവിലെ കരതൊടുമെന്ന് കാലാവസ്ഥാവകുപ്പ്. പുതുച്ചേരിക്കും നെല്ലൂരിനുമിടയിൽ ചെന്നൈയ്ക്ക് സമീപത്തുകൂടെ ന്യൂനമർദം കരയിൽ പ്രവേശിക്കുമെന്നും ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് ജില്ലകളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ന്യൂനമർദം ചെന്നൈയിൽനിന്ന് 200 കിലോമീറ്റർ അകലെയാണുള്ളത്. ഇത് കരയിലേക്കെത്തുമ്പോൾ കനത്ത മഴയ്ക്കും വടക്കൻ തമിഴ്‌നാടിന്റെയും തെക്കൻ ആന്ധ്രാപ്രദേശിന്റെയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്.
അതേസമയം, ചൊവ്വാഴ്ചത്തെ കനത്ത മഴയിൽ വെള്ളം കയറിയ വടക്കൻ ചെന്നൈയിലെയും തിരുവള്ളൂർ ജില്ലയിലെയും ജനങ്ങൾ ദുരിതത്തിലാണ്. പട്ടാളം, പുളിയന്തോപ്പ്, വ്യാസർപ്പാടി, പെരമ്പൂർ, കൊളത്തൂർ, എന്നൂർ തുടങ്ങിയ പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. തെക്കൻ ചെന്നൈ പള്ളിക്കരണൈയിലെ താഴ്ന്നപ്രദേശങ്ങളിലെ നൂറിലധികം വീടുകൾ വെള്ളക്കെട്ടിലാണ്.
ഓടകളിലെ മാലിന്യം നീക്കംചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണം. വടക്കൻ ചെന്നൈയിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങിപ്പോയ ജനങ്ങളെ ബോട്ടുകളിൽ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. ഈ പ്രദേശങ്ങളിലെ വെള്ളം മോട്ടോർെവച്ച് പമ്പുചെയ്ത് മാറ്റുകയാണ്.
വേളാച്ചേരി, പള്ളിക്കരണൈ തുടങ്ങിയ പ്രദേശങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വടക്കൻ ചെന്നൈയുടെ വിവിധ പ്രദേശങ്ങൾ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സന്ദർശിച്ചു.