ചെന്നൈ : ചെന്നൈയിൽ ഏഴുവർഷത്തിനിടെ മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എം.ടി.സി.) ബസിൽ വാതിൽപ്പടിയിൽ തൂങ്ങിയുള്ള യാത്രയിലൂടെ മരിച്ചത് 24 വിദ്യാർഥികൾ.
സ്കൂൾ-കോളേജ് വിദ്യാർഥികളും ഇതിലുൾപ്പെടും. കൂടുതൽ മരണമുണ്ടായത് 2017-ലാണ്. ഏഴുവിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി.
ചെന്നൈയിൽ പ്രതിവർഷം ശരാശരി നാലുമുതൽ ആറുവരെ വിദ്യാർഥികൾ വാതിൽപ്പടിയാത്രയിലൂടെ മരിക്കുന്നുണ്ടെന്നും എം.ടി.സി. അധികൃതർ വ്യക്തമാക്കി. തങ്ങളുടെ ഉപദേശം വിദ്യാർഥികൾ അവഗണിക്കുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
2022-ൽ അഞ്ചും 2023 നവംബർവരെ മൂന്നും വിദ്യാർഥികൾ മരിച്ചു. കോവിഡ് ലോക്ഡൗൺമൂലം 2020-ൽ മരണമുണ്ടായില്ല.
സാമൂഹികപ്രവർത്തകനായ കെ. അൻപഴകന് വിവരാവകാശ നിയമപ്രകാരമാണ് ഇൗ കണക്കുകൾ ലഭിച്ചത്.
2013-നും 2023 നവംബറിനും ഇടയിൽ ബസിൽനിന്ന് വീണ് വിദ്യാർഥികൾ മരിച്ച 65 കേസുകളിൽ 6.41 കോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് എം.ടി.സി. വ്യക്തമാക്കി.
2022 ജനുവരിമുതൽ 2023 നവംബർവരെ എം.ടി.സി.യുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങളിൽ 117 പേർ മരിച്ചിട്ടുണ്ട്.
റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി എം.ടി.സി. കഴിഞ്ഞവർഷം 35 സ്കൂളുകളിൽ 26,566 കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക ക്യാമ്പുകൾ നടത്തി.
വാതിൽപ്പടിയിൽനിന്ന് തുടർച്ചയായി യാത്രചെയ്യുന്ന വിദ്യാർഥികളുടെ സൗജന്യ ബസ് പാസ് റദ്ദാക്കുമെന്നും അച്ചടക്കനടപടി സ്വീകരിക്കുമെന്നും 2016-ൽ സ്കൂൾ വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും ഇവ കൃത്യമായി പാലിക്കാറില്ലെന്ന് ആരോപണമുണ്ട്.