ചെന്നൈ : ആർ.എസ്. പുരത്തുള്ള കമലേഷ് മോഡിയുടെ വീട്ടിൽനിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി 13 ലക്ഷം രൂപയും സ്വർണവും ഡയമണ്ടും ഉൾപ്പെടെ 50 പവൻ ആഭരണങ്ങളും കവർന്ന കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കേസിൽ എട്ടുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ജനുവരി 25-നാണ് സംഭവം നടന്നത്. കമലേഷ് മോഡി മരുതമല മുരുകക്ഷേത്രത്തിലേക്ക് പോയതായിരുന്നു. വീട്ടിൽ മകനും മൂന്ന് വീട്ടുജോലിക്കാരും മാത്രമാണ് ഉണ്ടായിരുന്നത്.
ഈസമയം രണ്ട് കാറുകളിലും ബൈക്കിലും എത്തിയ 12 അംഗ സംഘം വീട്ടിൽക്കയറി മകനെയും ജീവനക്കാരെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും കവർന്നത്.
മോഷ്ടാക്കളെ പിടികൂടാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിരുന്നു. 600-ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മോഷ്ടാക്കൾ സത്യമംഗലം റോഡ് ഭാഗത്തേക്ക് പോയതായി വിവരംലഭിച്ചു.
ഇതോടൊപ്പം കവർച്ചസംഘം സഞ്ചരിച്ച ഒരു കാർ പട്ടണത്തന് സമീപം നടുപാളയത്തുള്ളതാണെന്നും കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ നടുപാളയത്തെ സൂര്യപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ കവർച്ചസംഘത്തിൽ ഉണ്ടായിരുന്നയാളാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റു മൂന്നുപേരെക്കൂടി കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽനിന്നുള്ളവരാണ് കവർച്ചസംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.
മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്.