ചെന്നൈ : ഡി.എം.കെ. ഡെപ്യൂട്ടി ജനറൽസെക്രട്ടറി കനിമൊഴി എം.പി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ വീണ്ടും മത്സരിക്കാൻ സാധ്യത. കനിമൊഴിക്ക് ഇതേ മണ്ഡലത്തിൽ വീണ്ടും സീറ്റ് അനുവദിക്കണമെന്നാണ് പാർട്ടിനേതൃത്വം ആഗ്രഹിക്കുന്നത്.
അതിനായുള്ള മുന്നൊരുക്കമെന്ന നിലയിലാണ് പ്രകടനപത്രിക തയ്യാറാക്കാനുള്ള ഡി.എം.കെ. സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച തൂത്തുക്കുടിയിൽ ആരംഭിച്ചതെന്നും വിലയിരുത്തുന്നു.
തൂത്തുക്കുടിയിൽ മത്സരിക്കാനുള്ള ആഗ്രഹം കനിമൊഴിയും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ തീരുമാനംപോലെ താൻ പ്രവർത്തിക്കുമെന്നാണ് കനിമൊഴി അറിയിച്ചത്.
തൂത്തുക്കുടിയിൽ കനിമൊഴിക്കുള്ള വമ്പിച്ച ജനപിന്തുണ കണക്കിലെടുത്താണ് അവരെ ഇതേ മണ്ഡലത്തിൽ വീണ്ടും കളത്തിലിറക്കാൻ പാർട്ടിയിൽ നീക്കം നടത്തുന്നത്.
മണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളിലും സജിവമായി ഇടപെടുന്ന എം.പി.യെന്ന പ്രശംസ കനിമൊഴിക്ക് നേടിയെടുക്കാനായിട്ടുണ്ട്.
അടുത്തിടെ വെള്ളപ്പൊക്കമുണ്ടായപ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം തൂത്തുക്കുടിയിലെ ദുരിതബാധിതരെ കനിമൊഴി കണ്ടിരുന്നു. സ്റ്റെർലൈറ്റ് സമരവിഷയത്തിലും ജനങ്ങൾക്കൊപ്പമായിരുന്നു .
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന തമിഴിസൈ സൗന്ദർരാജനെ ഏറെ പിന്നിലാക്കിയാണ് തൂത്തുക്കുടി സീറ്റിൽ കനിമൊഴി വിജയിച്ചത്.