ചെന്നൈ : കോയമ്പത്തൂർ കാർസ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ 27 ഇടത്ത് ശനിയാഴ്ച ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) റെയ്ഡ് നടത്തി.
കോയമ്പത്തൂർ ഉക്കടത്തെ ഈശ്വരൻകോവിൽ തെരുവിലെ സംഗമേശ്വർ ക്ഷേത്രത്തിനുമുന്നിൽ 2022 ഒക്ടോബർ 23-നാണ് കാറിൽ സ്ഫോടനമുണ്ടായത്.
ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ, തിരുനെൽവേലി ജില്ലകളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയോട് അനുഭാവമുണ്ടെന്ന് കരുതുന്നവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
വാഹനം ഓടിച്ചുവന്ന് സ്ഫോടനം നടത്തിയ ജമീഷ മുബീൻ എന്ന യുവാവ് കൊല്ലപ്പെട്ടു.
ശ്രീലങ്കയിൽ 2019-ലുണ്ടായ ഈസ്റ്റർ ബോംബാക്രമണത്തിന്റെ മാതൃകയിൽ വൻനാശം ലക്ഷ്യംവെച്ചാണ് സ്ഫോടനം ആസൂത്രണംചെയ്തത്.
കൊല്ലപ്പെട്ട മുബീനുമായി ബന്ധമുള്ള 15 പേർ പിന്നീട് അറസ്റ്റിലായി. ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
കോയമ്പത്തൂരിൽ 12 സ്ഥലത്ത് പരിശോധന നടന്നു. പോത്തന്നൂരിൽ ഡി.എം.കെ. പ്രവർത്തകന്റെ മകനായ നാസർ, ആർ.എസ്. പുരത്ത് വിരമിച്ച പോലീസ് സൂപ്രണ്ടിന്റെ മകനായ സഹീൽ, എ.സി. മെക്കാനിക്കായ റഹ്മാൻ എന്നിവരുടെ വീടുകളിൽ എൻ.ഐ.എ. സംഘം എത്തി.
മധുരയിലെ കാസിമർ സ്ട്രീറ്റിൽ വദാത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രവർത്തകന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
തിരുച്ചിറപ്പള്ളിയിലെ കൂനി ബസാറിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന അഷ്റഫ് അലി, ഈസ്റ്റ് ബോൾവാർഡ് റോഡിലെ അബ്ദുൾ റസൂൽ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.
ചെന്നൈയിലും തിരുനെൽവേലിയിലും ഇതോടൊപ്പം റെയ്ഡ് നടന്നു. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുഖ്യപ്രതി ജമീഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് എൻ.ഐ.എ. പറയുന്നത്