ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്ന് ചെന്നൈയിലെത്തും.
സംസ്ഥാനത്തെ ബി.ജെ.പി. ഭാരവാഹികളുമായി ചർച്ചനടത്തും. ചെന്നൈയിൽ പൊതുയോഗത്തിലും പങ്കെടുക്കും.
കിൽപ്പോക്കിലെ സ്വകാര്യസ്കൂൾ മൈതാനത്തുനടക്കുന്ന സമ്മേളനത്തിൽ നഡ്ഡ പ്രസംഗിക്കും.
സംസ്ഥാനത്ത് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനെക്കുറിച്ചുമാകും കാട്ടാങ്കുളത്തൂരിൽ വിളിച്ചുചേർത്ത യോഗത്തിൽ ഭാരവാഹികളുമായി ചർച്ചനടത്തുക.
അതോടൊപ്പം സഖ്യം സ്ഥാപിക്കലും സീറ്റുവിഭജനവും വേഗത്തിലാക്കാനും അദ്ദേഹം പ്രവർത്തകർക്ക് നിർദേശംനൽകും.
നഡ്ഡയുടെ സന്ദർശനത്തിലൂടെ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയുമായും സാമൂഹികമാധ്യമ കാമ്പയിൻ വിഭാഗവുമായും വനിതാ പ്രതിനിധികളുമായും അദ്ദേഹം ചർച്ചനടത്തും. മാർഗനിർദേശങ്ങൾ നൽകും.