ചെന്നൈ: രണ്ടാം ഘട്ട മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്നതിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
അനുമതി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര,സംസ്ഥാന സംയുക്ത സംരംഭമായിരുന്ന ചെന്നൈ മെട്രോയുടെ ആദ്യ ഘട്ടം വിജയകരമായി നടപ്പാക്കാനായെന്ന് സ്റ്റാലിൻ വിശദീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആസൂത്രണം ചെയ്തത്. 3 പാതകളിലായി 119 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 63,246 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അനുമതി നൽകാനുളള ശുപാർശയോടെ പാർപ്പിട നഗരകാര്യ മന്ത്രാലയം പദ്ധതിയുടെ വിശദാംശങ്ങൾ 2019 ജനുവരിയിൽ കേന്ദ്രത്തിന് അയച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് ധനസഹായം നൽകുന്ന ജപ്പാൻ ഇന്റർനാഷനൽ കോഓപ്പറേഷൻ ഏജൻസി, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് തുടങ്ങിയ ഏജൻസികളുടെ ധനകാര്യ അനുമതി ലഭിക്കുകയും 2020 നവംബറിൽ നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ബജറ്റിലും പദ്ധതിക്കായി തുക നീക്കിവച്ചിരുന്നു. ഇതെല്ലാമായിട്ടും കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി വൈകുകയാണ്.
നിശ്ചിത സമയത്തിനകം പദ്ധതി നടപ്പാക്കാൻ കേന്ദ്രാനുമതി എത്രയും വേഗം ലഭിക്കണമെന്നും പ്രശ്നത്തിൽ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.