ചെന്നൈ: വലിയ വിമാനങ്ങൾക്ക് ഒരേ സമയം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലെ എയ്റോ ബ്രിജുകളുടെ എണ്ണം ഇരട്ടിയിലേറെയാക്കാൻ ഒരുങ്ങി ചെന്നൈ രാജ്യാന്തര വിമാനത്താവളം.
നിലവിൽ രാജ്യാന്തര ടെർമിനലിൽ 4 എയ്റോ ബ്രിജാണുള്ളത്. ഒരു എയ്റോബ്രിജിന്റെ നിർമാണം പുരോഗമിക്കുകയാണ്.
മാർച്ചിൽ ഇതും പ്രവർത്തനക്ഷമമാകും. 2025ൽ രണ്ടാം ടെർമിനൽ കൂടി പൂർത്തിയാകുന്നതോടെ ‘കോഡ് ഇ’ ഗണത്തിലുള്ള വലിയ വിമാനങ്ങൾക്ക് ഉപയോഗിക്കാവുന്ന എയ്റോബ്രിജുകൾ ഒൻപതാകും.
വിമാനത്താവളത്തിന്റെ കെട്ടിടത്തിൽ നിന്ന് വിമാനത്തിലേക്ക് നേരിട്ട് യാത്രക്കാരെ പ്രവേശിപ്പിക്കുന്ന ചലിപ്പിക്കാൻ സാധിക്കുന്ന പാതകളാണ് എയ്റോബ്രിജ് അഥവാ പാസഞ്ചർ ബോർഡിങ് ബ്രിജ് (പിബിബി).
ആധുനിക വിമാന ശ്രേണികളായ എ350, ബി777 വിമാനങ്ങൾക്ക് ഉപയുക്തമായ ബ്രിജുകളാണ് തയാറാക്കുന്നത്.
ഒരേസമയം 9 രാജ്യാന്തര വിമാനങ്ങൾക്ക് ഇവ ഉപയോഗിക്കാൻ സൗകര്യം ഒരുങ്ങുന്നതോടെ കൂടുതൽ ദീർഘദൂര സർവീസുകൾ അടക്കം കൂടുതൽ നടത്താൻ സാധിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അധികൃതർ പറഞ്ഞു