ചെന്നൈ : തമിഴ്നാട്ടിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപ വരെയായി ഉയർന്നു. കഴിഞ്ഞദിവസം വരെ 400 രൂപ മുതൽ 450 രൂപവരെയായിരുന്നു വില.
വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് വെളുത്തുള്ളി വരവ് മൂന്നിലൊന്നായി കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
ഉത്പാദനച്ചെലവ് കൂടിയതിനാൽ കഴിഞ്ഞ എതാനുംവർഷങ്ങളായി വടക്കൻ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി കൃഷിചെയ്യുന്ന കർഷകരുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഇത് വിലവർധിക്കാൻ പ്രധാന കാരണമാണ്.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ പ്രധാന സംസ്ഥാനങ്ങളിൽനിന്നാണ് തമിഴ്നാട്ടിലേക്ക് വെളുത്തുള്ളി കൊണ്ടുവന്നിരുന്നത്. തമിഴ്നാട്ടിൽ നീലഗിരി, ദിണ്ടിഗൽ ജില്ലകളിലും വെളുത്തുള്ളി കൃഷിചെയ്യുന്നുണ്ട്.
വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് 30 ലോഡ് വെളുത്തുള്ളി വന്നിരുന്നസ്ഥാനത്ത് ഇപ്പോൾ ഒൻപത് ലോഡ് മാത്രമാണ് എത്തുന്നത്.
ഇതോടെ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ വിലയും കുതിച്ചുയരുകയാണ്. മാർച്ച് മാസംവരെ വില ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.