ചെന്നൈ: ഗവൺമെൻ്റ് സ്റ്റാൻലി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയെ (25) ബുധനാഴ്ച സെവൻ വെൽസിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.
മരണകാരണം എന്താണെന്ന് പോലീസിനു ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി എറണാകുളം സ്വദേശി രഞ്ജിത്ത് പാലാണ് മരിച്ചത്. ബുധനാഴ്ച സുഹൃത്തുക്കൾ മുറിയിൽ മുട്ടിയപ്പോൾ രഞ്ജിത്ത് വാതിൽ തുറന്നില്ല.
സുഹൃത്തുക്കൾ ഉടൻ തന്നെ ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും വാർഡൻ പോലീസിൽ അറിയിക്കുകയുമായിരുന്നു.
ഹോസ്റ്റലിൽ എത്തിയ പോലീസ് വാതിൽ തകർത്തു അകത്തു കയറിയപ്പോൾ ഒരു മെഡിക്കൽ ഉപകരണവും രണ്ട് ഒഴിഞ്ഞ കുപ്പികളുമായി അബോധാവസ്ഥയിൽ കിടക്കുന്ന രഞ്ജിത്തിനെയാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആത്മഹത്യയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.