ചെന്നൈ : ഡി.എം.കെ. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തമിഴ്നാട്ടിലേക്ക് 9.65 ലക്ഷം കോടിരൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി ടി.ആർ.ബി. രാജാ സംസ്ഥാനനിയമസഭയെ അറിയിച്ചു. ഇതിലൂടെ 31 ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടും.
കഴിഞ്ഞമാസംനടന്ന ആഗോളനിക്ഷേപക സംഗമത്തിൽ 6.64 ലക്ഷംകോടി രൂപയുടെ നിക്ഷേപവാഗ്ദാനവുമായി 631 ധാരണാ പത്രങ്ങളാണ് ഒപ്പുവെച്ചത്.
ഇവയിലൂടെ 26 ലക്ഷംപേർക്ക് തൊഴിൽലഭിക്കും. അതിനുമുമ്പ് മൂന്നുലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രംഒപ്പുവെച്ചു. അതിലൂടെ 4.15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
വ്യവസായസൗഹൃദ സംസ്ഥാനമെന്നനിലയിൽ തമിഴ്നാട് ലോകമെങ്ങും അംഗീകരിക്കപ്പെട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽനിക്ഷേപങ്ങൾ വരുമെന്നും മന്ത്രി പറഞ്ഞു.
നിക്ഷേപക സംഗമം അതിന്റെ തുടക്കംമാത്രമാണ്. വ്യവസായസംരംഭകർക്ക് ഏകജാലക സംവിധാനത്തിലൂടെ സാങ്കേതികാനുമതികൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുകീഴിൽ തമിഴ്നാട് വികസനപാതയിൽ കുതിക്കുകയാണ് -മന്ത്രി പറഞ്ഞു.