ചെന്നൈ : സബർബൻ തീവണ്ടിയിൽ പച്ചയപ്പൻ കോളേജിലെ വിദ്യാർഥികളും പ്രസിഡൻസി കോളേജിലെ വിദ്യാർഥികളും തമ്മിൽ വീണ്ടുംഏറ്റുമുട്ടി.
ബീയർ കുപ്പികൾ, സോഡകുപ്പികൾ, കല്ലുകൾ എന്നിവ എറിഞ്ഞാണ് ഏറ്റുമുട്ടിയത്. യാത്രക്കാരെ സംഭവം ഭീതിയിലാഴ്ത്തി.
വ്യാഴാഴ്ച രാവിലെ 8.30- ഓടെ തിരുത്തണിയിൽനിന്ന് ചെന്നൈ ബീച്ചിലേക്ക് വരുന്ന സബർബൻ തീവണ്ടിയിൽ പട്ടരവാക്കം റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
ഇതിനുമുമ്പും ഇതേ റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥികൾതമ്മിൽ സംഘർഷമുണ്ടായിരുന്നു.
സംഭവമറിഞ്ഞ് എത്തിയ റെയിൽവേ പോലീസ് മൂന്ന് വിദ്യാർഥികളെ പിടികൂടി. മൂന്ന് പേരെയും ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ തിരുത്തണിയിൽനിന്ന് ചെന്നൈയിലേക്കുള്ള സബർബൻ തീവണ്ടിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുത്തണിയിൽനിന്നും തുടർന്നുള്ള സ്റ്റേഷനുകളിൽനിന്നും ചെന്നൈയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് വരുന്നവരുടെ എണ്ണമേറെയാണ്.
വിദ്യാർഥികൾതമ്മിൽ ഏറ്റുമുട്ടുമ്പോൾ യാത്രക്കാരെക്കൊണ്ട് തീവണ്ടി തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു.
വിദ്യാർഥികൾതമ്മിൽ നടക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തീവണ്ടിയിൽ റെയിൽവേ പോലീസിനെ നിയോഗിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.