ചെന്നൈ : കാർഷികോത്പന്നങ്ങൾക്ക് ന്യായമായ തറവില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയിൽ മൊബൈൽ ടവറിൽ കയറി കർഷകരുടെ പ്രതിഷേധം.
കർഷകനേതാവ് പി. അയ്യാക്കണ്ണിന്റെ നേതൃത്വത്തിൽ തലയോടുകളുമായാണ് കർഷകർ പ്രതിഷേധിച്ചത്.
തിരുച്ചിറപ്പള്ളിയിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിലായിരുന്നു സമരം.
പ്രതിഷേധം നടന്നുകൊണ്ടിരിക്കെ, തലയോടുകളുമായി കർഷകരിൽ ചിലർ സമീപത്തെ മൊബൈൽ ടവറിനുമുകളിൽ കയറുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസെത്തി ടവറിനുമുകളിൽനിന്ന് ഇവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.
സംഭവസ്ഥലത്തേക്ക് കൂടുതൽപ്പേർ എത്തിയതോടെ ഹെഡ് പോസ്റ്റോഫീസിനുമുന്നിൽ ഗതാഗത തടസ്സമുണ്ടായി.
ഒടുവിൽ കർഷക സമരത്തിന് നേതൃത്വം നൽകിയ പി. അയ്യാക്കണ്ണുതന്നെ നേരിട്ട് അഭ്യർഥിച്ചതിനെത്തുടർന്ന് കർഷകർ താെഴയിറങ്ങുകയായിരുന്നു.
ഒരു ടൺ കരിമ്പിന് 8,100 രൂപ തറവില നിശ്ചയിക്കുക, ഡൽഹിയിൽ കർഷകർക്ക് സമരംചെയ്യാൻ അനുമതി നൽകുക, കർഷകരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. സമരത്തിൽ 200-ഓളം പേർ പങ്കെടുത്തു.