ചെന്നൈ : നഗരവാസികളിൽ വായനശീലം വർധിപ്പിക്കുക, മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് വായിച്ചുപഠിക്കാൻ ഇടമൊരുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ നഗരത്തിലെ പാർക്കുകളിൽ ചെന്നൈ നഗരസഭ വായനമൂല ഒരുക്കുന്നു.
വടക്കൻചെന്നൈയിലെ രണ്ടു പാർക്കുകളിൽ വായനമൂല തുടങ്ങി. എട്ടിടത്ത് വൈകാതെ വരും.ചൂളൈയിലെ രാഘവേന്ദ്രാ പാർക്കിലും റോയപുരത്തെ മേയ് ഡേ പാർക്കിലുമാണ് വായനമൂല തുടങ്ങിയത്.
പുസ്തകങ്ങളടങ്ങിയ പെട്ടിയും ഇരുന്നുവായിക്കാനുള്ള ബെഞ്ചുമാണ് ഇവിടെയുള്ളത്. രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ എട്ടുവരെയും പൊതുജനങ്ങൾക്ക് ഇവിടെയിരുന്നു വായിക്കാം.
പെട്ടിയിലെ പുസ്തകം വായിച്ചശേഷം തിരിച്ച് ഭദ്രമായി വെക്കണം. താത്പര്യമുള്ളവർക്ക് പുസ്തകങ്ങൾ സംഭാവനചെയ്യുകയുമാവാം.
ചേരികളോടുചേർന്ന പാർക്കുകളിലാണ് ആദ്യഘട്ടത്തിൽ വായനമൂലകൾ സജ്ജമാക്കുന്നത്. വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്തവർക്ക് വായിക്കാൻ പാർക്കിലേക്കു വരാം.
മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവാക്കൾ സിവിൽ സർവീസ് പരിശീലനത്തിനായി ചെന്നൈയിലെത്തുന്നുണ്ട്.
ചെലവുചുരുക്കാനായി ഒട്ടും സൗകര്യമില്ലാത്ത ഹോസ്റ്റലുകളിലാണ് വിദ്യാർഥികളിൽ പലരും താമസിക്കുന്നത്.
വായിക്കാനും പഠിക്കാനും പാർക്കുകളെയും തുറസ്സായ സ്ഥലങ്ങളെയുമാണ് പലരും ആശ്രയിക്കുന്നത്.
ഇതുകൂടി കണക്കിലെടുത്താണ് പ്രത്യേകം വായനമൂലകൾ ഒരുക്കുന്നത്.