ചെന്നൈ : കൂടുതൽ സൗകര്യവും വേഗതയുമായി ചെന്നൈ – ബെംഗളൂരു ഡബിൾഡക്കർ എക്സ്പ്രസ് തീവണ്ടി കോച്ചുകളിൽ പുത്തൻമാറ്റങ്ങളുമായി റെയിൽവേ.
നേരത്തെ പത്ത് എ.സി. ഡബിൾഡക്കർ കോച്ചുകളുണ്ടായിരുന്ന തീവണ്ടിയിൽ ഇപ്പോൾ എട്ട് എ.സി. ഡബിൾഡക്കർ കോച്ചുകളും അഞ്ച് നോൺ എ.സി. കോച്ചുകളും ഒരു ജനറൽകോച്ചും സജ്ജമാക്കി.
വ്യാഴാഴ്ച മുതൽ പുതിയസൗകര്യങ്ങളുമായാണ് ഡബിൾ ഡക്കർ തീവണ്ടി ഓടുന്നത്. പുതിയ സൗകര്യം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും.
കുറഞ്ഞ സമയത്തിനകം ചെന്നൈയിൽനിന്ന് ബെംഗളൂരുവിൽ എത്തുമെന്നതാണ് ഈ തീവണ്ടിയുടെ മറ്റൊരു സവിശേഷത. മറ്റ് സൂപ്പർഫാസ്റ്റ് വണ്ടികളെ അപേക്ഷിച്ച് ഡബിൾ ഡക്കർ അഞ്ചുമണിക്കൂറും 10 മിനിറ്റുംകൊണ്ട് ചെന്നൈയിൽനിന്ന് ബെംഗളൂരുവിലെത്തും.
മറ്റ് തീവണ്ടികൾക്ക് ആറുമണിക്കൂറും 15 മിനിറ്റും യാത്രയ്ക്കുവേണ്ടി വരുന്നുണ്ട്. പുതിയ മാറ്റങ്ങൾവന്നതോടെ പ്രതിദിനയാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് ദക്ഷിണറെയിൽവേയുടെ കണക്കുകൂട്ടൽ.
കോയമ്പത്തൂർ-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് ഡബിൾ ഡക്കറിൽ ഏഴ് എ.സി. കോച്ചുകളുണ്ടായിരുന്നത് ഇപ്പോൾ എട്ട് എ.സി കോച്ചുകളും അഞ്ച് സെക്കൻഡ് ക്ലാസ് കോച്ചുകളുമാക്കി മാറ്റിയിട്ടുണ്ട്.