ചെന്നൈ: ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയിൽ ആദ്യമായി അവതരിപ്പിച്ച ഗോലി സോഡയ്ക്ക് 100 വയസ്സു തികയുന്നു.
കേരളത്തിലെ മലബാർ പ്രവിശ്യകൂടി ഉൾപ്പെട്ട മദ്രാസ് പ്രസിഡൻസിയിൽ 1924-ൽ ഗോലി സോഡ പുറത്തിറക്കിയത് വെല്ലൂരിലെ കണ്ണൻ ആൻഡ് കോ എന്ന കമ്പനിയാണ്. എസ്.വി. കണ്ണുസാമി മുതലിയാർ ആയിരുന്നു അതിന്റെ മുതലാളി.
ആർക്കോട് പ്രദേശത്തെ (ഇന്നത്തെ വെല്ലൂർ) പൊള്ളുന്ന ചൂട് സഹിക്കാൻ പാടുപെടുന്നവർക്ക് ആശ്വാസം നൽകാനാണ് മുതലിയാർ സോഡ ഇറക്കിയത്.
അതോടെ വടക്കൻ, തെക്കൻ ആർക്കോട്ട് ജില്ലകളിലെ എല്ലാ പെട്ടിക്കടകളിലും ഗോലി സോഡ വ്യാപകമായി.
ചെന്നൈ-ബെംഗളൂരു ഹൈവേയിലൂടെയുള്ള ബസ് യാത്രികരും ഗോലി സോഡയുടെ പതിവുകാരായി.
സോഡയ്ക്കായി കുഞ്ഞുമാർബിൾ ഗോട്ടികളുള്ള ഗ്ലാസ് കുപ്പികൾ ജർമനിയിൽനിന്ന് മൊത്തമായി 2000 രൂപയ്ക്കാണ് മുതലിയാർ ഇറക്കുമതിചെയ്തത്.
അതിൽ ശീതളപാനീയങ്ങൾ നിറച്ചായിരുന്നു വിൽപ്പന. കുറേക്കാലം സോഡ ബിസിനസ് പൊടിപൊടിച്ചു.
എന്നാൽ, വിദേശ കമ്പനികൾ ഇടംപിടിച്ചതോടെ ഗോലി സോഡയ്ക്ക് പ്രതാപം നഷ്ടമായി. 2017-മുതൽ ഗോലി സോഡ വ്യവസായം വീണ്ടും പതുക്കെ പച്ചപിടിക്കാൻ തുടങ്ങി.
അതിനു വഴിത്തിരിവായത് ചെന്നൈ മറീനബീച്ചിൽ നടന്ന ജല്ലിക്കെട്ടു സമരമാണ്.
അതിൽ പങ്കെടുത്തവർ ഗൃഹാതുരതയും പ്രാദേശിക വാദവും ഉയർത്തിപ്പിടിച്ച് രംഗത്തിറങ്ങിയപ്പോൾ സോഡയും വലിയ ജനവികാരമായി മാറിയെന്ന് കണ്ണുസാമി മുതലിയാരുടെ പിൻമുറക്കാർ പറയുന്നു.
ഇപ്പോൾ ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിൽ ഉടനീളം ഗോലി സോഡ വിൽപ്പന വ്യാപകമാണ്.
കണ്ണുസാമിയുടെ സോഡാ കമ്പനിയും വെല്ലൂരിൽ നന്നായി പ്രവർത്തിക്കുന്നു.
പഴയ ജർമൻ കുപ്പികൾ മാറി ഇപ്പോൾ ഉത്തർപ്രദേശിൽനിന്നാണ് സോഡാ ബോട്ടിലുകൾ എത്തിക്കുന്നതെന്ന് മുതലിയാരുടെ ബന്ധുക്കൾ പറഞ്ഞു.